തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ വിജിലൻസ് വിവാദ നടപടിക്ക് ഒരുങ്ങുന്നു. വൻകിട പദ്ധതികൾക്കെതിരായ പരാതികൾ ഇനി സ്വീകരിക്കില്ലെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് ആസ്ഥാനത്തെ നോട്ടീസ് ബോർഡിൽ ഈ അറിയിപ്പ് പതിച്ചു. എന്നാൽ നടപടി വിവാദമായതോടെ അറിയിപ്പ് നോട്ടീസ് ബോർഡിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.

വിജിലൻസ് രാജാണോ സംസ്ഥാനത്ത് നടക്കുന്നതെന്നാണ് കോടതി ചോദിച്ചത്. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഡി.ജി.പിയായി എൻ.ശങ്കർ റെഡ്ഡിയ്ക്ക് സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ വിമർശനം.

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശങ്കർ റെഡ്ഡിയ്ക്ക് സ്ഥാനക്കയറ്റം നൽകിയത് പുന:പരിശോധിക്കാനുള്ള സർക്കാരിന്റെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. വിജിലൻസിന്റെ ഈ നടപടി ഒട്ടും ഉചിതമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻസർക്കാരിന്റെ കാലത്ത് ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. അനർഹമായി സ്ഥാനക്കയറ്റം നൽകിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ത്വരിത പരിശോധന നടത്തി. തുടർന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ മന്ത്രിസഭാ യോഗതീരുമാനം ചട്ട വിരുദ്ധമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ