തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ വിജലൻസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചത്.

മൂന്ന് മാസത്തോളം അന്വേഷണം നടത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.

ബി.ജെ.പി നേതാക്കളും കോഴ നല്‍കിയെന്ന് ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ എസ്.ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്. അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ചോര്‍ന്നതോടെ അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും പുറത്ത് വന്ന റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് നിലവിലില്ലെന്നാണ് കുമ്മനം രാജശേഖരന്റെ നിലപാട്.

മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു. എസ്.ആര്‍ ട്രസ്റ്റ് ഭാരവാഹികളുടെ മൊഴി. എന്നാല്‍ രേഖകള്‍ കണ്ടെത്താനായില്ല. പരാതിക്കാര്‍ തന്നെ നിലപാട് മാറ്റിയതോടെ അന്വേഷണ സംഘം നിസഹായരായി. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണ്. ഈ മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ