തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടികളിലേക്ക് വിജിലൻസ് കടക്കുക. ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു.
സിആർപിസി 41 എ പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. നിലവിൽ എംഎൽഎ ആയതിനാൽ സ്പീക്കറുടെ അനുമതിയും ചോദ്യം ചെയ്യുന്നതിന് ആവശ്യമാണ്. ഇതിനുള്ള നടപടികളും വിജിലൻസ് ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം വിശദമായ ചോദ്യവലിയും അന്വേഷണ ഉദ്യോഗസ്ഥർ തയാറാക്കും.
Also Read: പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്
അതേസമയം അറസ്റ്റ് വേണോ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യത്തിൽ സർക്കാറിനോട് അഭിപ്രായം തേടും. എജിയുടെ നിയമോപദേശം തേടിയ ശേഷമാണ് ഗവർണർ മുൻമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയത്.
പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.
കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്കാന് അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.