തിരുവനന്തപുരം: തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിച്ചതായി വിജിലൻസ് അറിയിച്ചു. നിയമസഭാ സമ്മേളനം കഴിയുന്നതോടെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അടുത്ത ആഴ്ച തന്നെ ചോദ്യം ചെയ്യലുണ്ടാകും.
ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. സിആർപിസി 41 എ പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. നിലവിൽ എംഎൽഎ ആയതിനാൽ സ്‌പീക്കറുടെ അനുമതിയും ചോദ്യം ചെയ്യുന്നതിന് ആവശ്യമാണ്. ഇതിനുള്ള നടപടികളും വിജിലൻസ് ആരംഭിച്ചു കഴിഞ്ഞു.
Also Read: മലബാർ എക്സ്പ്രസിലും മംഗളൂരു സൂപ്പർഫാസ്റ്റിലും സ്വർണ കവർച്ച
നേരത്തെ 2019 ഓഗസ്റ്റിലും ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.
കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.