കൊച്ചി: പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ്, വിജിലൻസ് എസ്‌പി വി.ജി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേൽപ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം പരിശോധിച്ചിരുന്നു. ശ്രീധരനൊപ്പം ഐഐടി കാണ്‍പൂരിലെ ഡോ.മഹേഷ് അടക്കമുളള വിദഗ്ധരും എത്തിയിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. മുഖ്യമന്ത്രി ഇ.ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡോ.മഹേഷിന്റെ സഹായവും ശ്രീധരന്‍ തേടി.

പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. ഇ.ശ്രീധരന്റെ പരിശോധനക്ക് ശേഷം എത്തിച്ചേരുന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് നേരത്തെ മദ്രാസ് ഐഐടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Read More: പാലാരിവട്ടം മേല്‍പ്പാലം: തികഞ്ഞ അഴിമതി, കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കി മദ്രാസ് ഐഐടി സര്‍ക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു. പാലം നിര്‍മാണത്തിന് ആവശ്യമായ സിമന്റ് ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റിങ്ങില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മദ്രാസ് ഐഐടി സര്‍ക്കാരിന് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പാലം രൂപകല്‍പന പ്രകാരം എം 35 എന്ന ഗ്രേഡിലാണ് കോണ്‍ക്രീറ്റിങ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ എം 22 എന്ന തോതിലാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ കോണ്‍ക്രീറ്റ് നടത്തിയതെന്നാണ് ആരോപണം.

എം 35 പ്രകാരമാണ് പാലം നിര്‍മിച്ചിരുന്നതെങ്കില്‍ ഗര്‍ഡറുകള്‍ തമ്മിലുള്ള വ്യതിയാനം 26.25 എംഎം മതിയായിരുന്നു. എം 22 ഗ്രേഡ് ആയതോടെ ഗര്‍ഡറുകള്‍ തമ്മില്‍ വ്യത്യാസം 67.92 എംഎം ആയി. ഇതാണ് പാലത്തിന്റെ വലിയ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗര്‍ഡറുകളിലെ വിള്ളലിന്റെ വീതി 0.20 എംഎം ആയിരുന്നു അനുവദനീയമായിരുന്നത്. എന്നാല്‍ പാലാരിവട്ടം പാലത്തില്‍ കണ്ടെത്തിയത് 0.235 എംഎം ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.