കൊച്ചി: ഇ.പി.ജയരാജനെതിരായ ബന്ധു നിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. വിജിലൻസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജനവികാരത്തിനടിമപ്പെട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്യരുതെന്ന് കോടതി പറഞ്ഞു. മന്ത്രിസഭാ തീരുമാനം തിരുത്താൻ വിജിലൻസിന് ആവശ്യപ്പെടാനാകില്ല. വിജിലൻസ് പൊലീസിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.

ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ അഴിമതി നിരോധന നിയമം ‌‌‌നിലനിൽക്കില്ലെന്നു കരുതുന്നതായി ഇന്നലെ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികളാരും സാമ്പത്തിക നേട്ടുമുണ്ടാക്കിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേൽക്കാത്തതുകൊണ്ട് രണ്ടാംപ്രതി പി.കെ.സുധീറും നേട്ടമുണ്ടാക്കിയില്ലെന്ന് വിജിലൻസ് ഡിവൈഎസ്പി വി.ശ്യാംകുമാർ വ്യക്തമാക്കി. എഫ്ഐആർ റജിസ്റ്റർ ചെയ്തതു സദുദ്ദേശ്യത്തിലാണെന്നും ഡിവൈഎസ്പി കോടതിയെ അറിയിച്ചു.

ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ