തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി​ എം.ടി .രമേശിന്​ വിജിലൻസ്​ നോട്ടീസ്​. ഈ മാസം 31ന്​ അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരാവണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബിജെപി നേതാക്കള്‍ വാങ്ങിയെന്നാണ്​ ആരോപണം. ഇതിൽ എം.ടി.രമേശിനും പങ്കുണ്ടെന്ന്​ പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു​.

തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിന് 5.60 കോടി നല്‍കിയെന്നാണ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍.ഷാജിയാണ് പണം നല്‍കിയത്.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ