മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. വിജിലൻസ് പരിശോധനക്കിടയിൽ കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കേസെടുത്ത വിജിലൻസ് ഇന്ന് രാവിലെ മുതൽ കെ.എം ഷാജിയുടെ കോഴിക്കോടിലെയും കണ്ണൂരിലെയും വീടുകളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയത്.
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നത്തെ പരിശോധന. അഴിക്കോട് എം.എൽ.എ ആയ കെ.എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വത്ത് സമ്പാദനത്തിൽ 166 ശതമാനത്തോളം വർദ്ധനവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച് കൂടുതൽ വിവരങ്ങൾ തേടുക എന്ന ലക്ഷ്യത്തോടെയാണ് വിജിലൻസ് ഇന്ന് പരിശോധന ആരംഭിച്ചത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിൽ കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട്ടിലാണ് ആദ്യം പരിശോധന ആരംഭിച്ചത്. ഇതിനു പുറകെ കണ്ണൂരിലെ വീട്ടിലും വിജിലൻസ് എത്തുകയായിരുന്നു. വിജിലൻസ് നടപടികൾ നടക്കുമ്പോൾ കെ.എം ഷാജി കോഴിക്കോടുള്ള വീട്ടിൽ തന്നെയായിരുന്നു.
അതേസയം വിജിലൻസ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് കെ എം ഷാജി പറഞ്ഞു. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പറഞ്ഞു. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും ഷാജി അവകാശപ്പെട്ടു.
ഈ പണം വീട്ടിലുണ്ടെന്നറിഞ്ഞ് മനപൂർവ്വം കുടുക്കാനായി വിജിലൻസ് എത്തിയതാണെന്ന് വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പകപോക്കുകയാണെന്നും ഷാജി പറഞ്ഞു.