കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതിൽ അഴിമതിമതിയുണ്ടെന്ന പരാതിയിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
കണ്ണൂർ പള്ളിക്കുന്നിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയാണ് വിജിലന്‍സ് സംഘം മൊഴിയെടുത്ത്. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം എത്തിയത്.
കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്താൻ അനുവദിച്ച ഒരു കോടി രൂപയിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് തിരക്കുപിടിച്ച് പദ്ധതി കൊണ്ടുവന്നത്. ഈ സമയം കോൺഗ്രസ് എംഎൽഎയായിരുന്നു അബ്ദുള്ളക്കുട്ടി.
ഉപകരണങ്ങളും മറ്റു വാങ്ങാൻ ഒരു കോടി രൂപ ചെലവഴിച്ചെങ്കിലും 2018 ൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ മാത്രമാണ് നടത്തിയത്. ഈ ഇനത്തിൽ വൻ സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്. കേസില്‍ കണ്ണൂര്‍ ഡിടിപിസി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബന്ധപ്പെട്ട ഫയല്‍ പിടിച്ചെടുത്തിരുന്നു.
അതേസമയം, പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെഭാഗമായി അന്നത്തെ എംഎൽഎയുടെ മൊഴി എടുക്കാനെന്ന നിലയിലാണ് വിജിലൻസ് സംഘം തന്റെ വീട്ടിൽ വന്നതെന്നും റെയ്ഡ് എന്ന നിലയിൽ പ്രചരിച്ച വാർത്ത ശരിയല്ലെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഉദ്യോഗസ്ഥരോട് ഓഫീസിൽ വരാമെന്ന് താൻ സമ്മതിച്ചതാണെന്നും അവരാണ് വീട്ടിൽ വരാമെന്ന് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റിൽ പറഞ്ഞു.
കേരളം കണ്ട ടൂറിസത്തിലെ വലിയ തട്ടിപ്പാണിത്. അന്നത്തെ സർക്കാർ, ഡിടിപിസി ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി കാശ് തിരിച്ചുപിടിച്ച് പദ്ധതി പുന:സ്ഥാപിക്കാൻ പിണറായി സർക്കാർ തയാറാവണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തോടും താൻ സഹകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.