തിരുവനന്തപുരം: ഡ്രഡ്ജർ അഴിമതിക്കേസിൽ ഡിജിപി ജേക്കബ് തോമസിനെതിരെ കേസെടുത്തത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് വിജിലൻസ്. സ്വന്തം കൈപ്പടയിൽ മിനുട്സ് തിരുത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഡ്രഡ്ജർ വാങ്ങുന്നതിന് തുക കൂട്ടിയതെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രഡ്ജർ വാങ്ങുന്നതിന് 8 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. മിനുട്സിൽ ഇത് 20 കോടിയാക്കി സാങ്കേതിക സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒപ്പും വാങ്ങി സർക്കാരിലേക്കയച്ചു അനുമതി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനി ബിഇഎംഎല്ലിനെ രണ്ടാം സ്ഥാനത്താക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കുകയും ഈ കമ്പനിക്ക് ടെൻഡർ നൽകുകയും ആയിരുന്നു.
ടെൻഡറിന് മുൻപ് തന്നെ ഹോളണ്ട് കമ്പനിയുമായി ജേക്കബ് തോമസ് ആശയ വിനിമയം നടത്തിയതിന്റെ ഇ-മെയിൽ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഹോളണ്ട് കമ്പനിയിൽ നിന്ന് ഡ്രഡ്ജർ മാത്രമാണ് വാങ്ങിയത്. ചളിപമ്പ് ചെയ്യുന്നതിന് പമ്പ് വാങ്ങിയില്ലെന്നും ഇത് വാങ്ങിയതിന് 3 കോടിയോളം അധിക ചെലവ് വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സത്യൻ നരവൂർ സമർപ്പിച്ച ഹർജിയിലാണ് വിജിലൻ അന്വേഷണം നടത്തിയത്. ഡ്രഡ്ജർ വാങ്ങിയതിൽ ധനകാര്യ ഓഡിറ്റ് വിഭാഗവും ക്രമക്കേട് കണ്ടെത്തിയിരുന്നു.