തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രത്യേക അന്വേഷണത്തിന് വിജിലൻസ് നീക്കം. ഇതിനു വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. ഇതുവരെ നടന്നതു പൊതുവായ അന്വേഷണമാണെന്നും മന്ത്രി എന്ന നിലയിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി.

കരാറുകാരനു ചട്ടം ലംഘിച്ചു വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനു ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നു വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പ്രത്യേക അന്വേഷണത്തിനും അനുമതി തേടിയത്. ചട്ടം ലഘിച്ച് കരാറുകാരനു വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിർദേശിച്ചത് അന്നു മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞാണ്.

Also Read: പാലാരിവട്ടം പാലം: ആർഡിഎസ് കമ്പനിക്കു ടെൻഡർ ലഭിക്കാൻ രേഖകൾ അട്ടിമറിച്ചെന്നു വിജിലൻസ്

പാലാരിവട്ടം പാലം നിർമാണ കരാർ സുമിത് ഗോയലിന്റെ ആർഡിഎസ് കമ്പനിക്കു ലഭ്യമാക്കാൻ ടെൻഡർ രേഖകൾ അട്ടിമറിച്ചെന്നു വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ടി.ഒ.സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് വിജിലൻസ് രേഖകൾ സഹിതം അട്ടിമറി നടന്നതായി കോടതിയെ അറിയിച്ചത്. ടെൻഡർ രജിസ്റ്ററും ടെൻഡർ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും രജിസ്റ്ററിൽനിന്നു വ്യത്യസ്തമായി ടെൻഡർ രേഖകളിൽ പിന്നീട് തുക എഴുതിച്ചേർത്തതായും വിജിലൻസ് അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാൻഡ് കാലാവധി നേരത്തെ നീട്ടിയിരുന്നു. ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറൽ മാനേജരുമായ ബെന്നി പോൾ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.