കോട്ടയം: ലേക്ക്പാലസിലേക്കുള്ള റോഡ് നിർമ്മാണത്തിനായി നിലം നികത്താൻ വേണ്ടി തോമസ് ചാണ്ടിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വയൽ നികത്തിയതെന്നും നെൽവയൽ തണ്ണീത്തട സംരക്ഷ നിയമം ലംഘിച്ചാണ് ലേക്ക് പാലസിലേക്കുള്ള റോഡ് നിർമ്മാണം നടന്നതെന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2 ജില്ല കളക്ടർമാർക്കെതിരെയും 10 ഉദ്യോഗസ്ഥർക്കുമെതിരെയാണ് വിജിലൻസ് റിപ്പോർട്ട്. കളക്ടർമാരായിരുന്ന പി.വേണുഗോപാൽ, സൗരഭ് ജയിൻ എന്നിവർക്കെതിരാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സ്വന്തം മണ്ഡലത്തിന് പുറത്തുള്ള സ്ഥലത്ത് റോഡ് നിർമ്മാണത്തിനായി തോമസ് ചാണ്ടി ശുപാർശ നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ജനവാസമേഖലയല്ലാത്ത ലേക് പാലസിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി റിസോർട്ട് ജിവനക്കാരനെ ഗുണഭോക്താവായി കാട്ടി. ലേക് പാലസിലേക്കുള്ള 102 മീറ്റർ ദൂരമുളള റോഡ് അനധികൃതമായാണ് നിർമ്മിച്ചിട്ടുളളതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.