തിരുവനന്തപുരം: തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. സ്ഥാപനത്തിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി.

സർക്കാർ ഉദ്യോദസ്ഥർക്ക് അവധിയെടുത്ത് പഠിപ്പിക്കാൻ പോകാൻ അനുമതിയുണ്ട്. പക്ഷേ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പഠിപ്പിക്കാൻ എത്തിയതെന്നാണ് വിവരം. ഇതു തെളിഞ്ഞാൻ ഇയാൾക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും. പിഎസ്‌സി കോച്ചിങ് സെന്ററുകളുമായി ബന്ധമുളള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസ് അതത് വകുപ്പ് മേധാവികൾക്ക് കൈമാറും.

അതേസമയം, പിഎസ്‌സി കോച്ചിങ് സെന്ററിനെക്കുറിച്ചുളള പരാതികൾ അന്വേഷിക്കുമെന്ന് പിഎസ്‌സി ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു. പിഎസ്‌സിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണിത്. വിഷയം ഗൗരവത്തോടെ കാണുന്നു. പിഎസ്‌സിയുടെ പേരിലുളള കച്ചവടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ചൈനയല്ല, അമേരിക്കയാണ് നിലവിൽ ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചാണ് അന്വേഷിക്കുന്നത്.

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരുടെ പേരിലല്ലെങ്കിലും വിദ്യാർഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് വ്യക്തമായതായാണ് സൂചന. വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്ക് നൽകിയെന്ന ആരോപണവും ഉദ്യോഗസ്ഥർക്കെതിരെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.