തിരുവനന്തപുരം: അഴീക്കോട് എംഎൽഎയും ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി. ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് ഷാജിക്കെതിരെയുള്ള നടപടി സർക്കാർ വേഗത്തിലാക്കിയത്.
Read Also: ലോക്ക്ഡൗണ്‍: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകണമെന്ന് ഹെെക്കോടതി
എന്നാൽ, തനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കെ.എം.ഷാജി ആരോപിച്ചു. പിണറായി വിജയനു മാത്രമാണ് ഇതിൽ പങ്ക്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. നല്ലൊരു സ്‌കൂളിനു ഹയർ സെക്കൻഡറി അനുവദിക്കാനുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്‌തത്. വിമർശനമുന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ നീക്കം നടത്തുകയാണ് പിണറായിയെന്നും ഷാജി പറഞ്ഞു. ബിജെപി സർക്കാരിൽ നിന്ന് പിണറായി സർക്കാരിനു യാതൊരു വ്യത്യാസവും ഇല്ലെന്നും കേന്ദ്രത്തിൽ മോദി സർക്കാർ ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്നും ഷാജി വിമർശിച്ചു. മറ്റുള്ളവരോട് കളിക്കുന്നതുപോലെ തന്റെ അടുത്ത് കളിക്കാൻ പറ്റില്ലെന്നും പിണറായിക്ക് ആളുമാറിയെന്നും പറഞ്ഞ ഷാജി ലീഗുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുന്ന കാര്യമടക്കം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഷാജി ഉന്നയിച്ചത്. ചൊവ്വാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആരോപണമുന്നയിച്ചത്. അടിയന്തരമായി മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാൻ നിർദേശം നൽകേണ്ടതാണെന്നും അടുത്ത് തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ”സിബിഐക്കു കേസ് വിട്ടുകൊടുക്കാതെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപ്പെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വയ്ക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. നേരത്തെ നിങ്ങൾ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂർ, കൃപേശ്, ശരത്ത് ലാൽ, ഷുഹൈബ് കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വയ്ക്കാൻ നമുക്കു പറ്റി,” എന്നും ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നു.
Read Also: കോവിഡ് പ്രതിരാേധം: കേരളം ലോകത്തിനു മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര
എന്നാൽ, ഇതിനു മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തിയിരുന്നു. ഷാജിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകൾ അല്ല അതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. “ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകൾ അല്ല അത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധ നുണ പറഞ്ഞു പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും, അതാണ് പൊതു സമൂഹം എന്ന് കാണരുത്, അതാണ് നാടെന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കുകയാണ്. ഒരു സംശയവും ആ കാര്യത്തിൽ വേണ്ട, ” മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ഒന്നിച്ചു തന്നെ നേരിടാനും അതിജീവിക്കാനും കഴിയും. ഷാജിയുടെ വാക്കുകളോട് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം പ്രതികരിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.