Latest News

നാവിനു എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്; ഷാജിക്കെതിരെ സ്‌പീക്കർ

പിണറായി വിജയന്റെ മുൻപിൽ സ്‌പീക്കർ വിധേയനായി നിന്നുകൊടുത്തെന്നായിരുന്നു ഷാജിയുടെ വിമർശനം

തിരുവനന്തപുരം: കെ.എം.ഷാജി എംഎൽഎക്കെതിരെ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. നാവിനു എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുതെന്ന് ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ അനുമതി നൽകിയത് സ്വാഭാവിക നടപടിയാണെന്നും ഏതൊരു സ്‌പീക്കറും ചെയ്യുന്നത് മാത്രമാണ് താനും ചെയ്‌തതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

“ഷാജിയുടെ പ്രതികരണം ബാലിശവും അപക്വവുമാണ്. നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നതു പോലെയാണ് ഷാജിയുടെ പ്രതികരണം. ഒരു യുക്‌തിയുമില്ലാത്ത കാര്യങ്ങളാണ് ഷാജി പറയുന്നത്. ആര് സ്‌പീക്കറായാലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് മാത്രമാണ് ചെയ്‌തത്. നിയമസഭയ്‌ക്കെതിരെയുള്ള അവഹേളനമാണ് ഷാജിയുടേത്. എംഎൽഎമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കണമെങ്കിൽ സ്‌പീക്കറുടെ അനുമതി വേണം. അങ്ങനെ ഒരു അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ നിങ്ങൾ കേസെടുക്കരുത്, അന്വേഷിക്കരുത് എന്ന് സ്‌പീക്കർക്ക് പറയാൻ സാധിക്കുമോ? നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് സ്‌പീക്കർ എന്ന നിലയിൽ ചെയ്‌തത്,”

Read Also: ഓൺലെെനിൽ ജവാനുണ്ട്, ജോണിവാക്കറുണ്ട്, ബക്കാർഡിയുണ്ട്; പക്ഷേ, ഓർഡർ ചെയ്‌താൽ പണിപാളും

“അപക്വമായ സമീപനങ്ങൾ നിയമസഭക്കെതിരെയുള്ള അവഹേളനമായി മാത്രമേ കാണാൻ സാധിക്കൂ. നാവിനു എല്ലില്ലാതെ എന്തും വിളിച്ചു പറയുന്ന രീതി ഞാൻ പഠിച്ചിട്ടില്ല. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. എന്തിനാണ് ഇങ്ങനെയൊരു വിവാദമെന്ന് മനസിലാകുന്നില്ല. വിജിലൻസ് കേസെടുക്കുന്നത് സ്‌പീക്കറുടെ പരാതിയിലല്ല. ഒരു പരാതി വന്നപ്പോൾ അതിൽ അന്വേഷണം നടത്താൻ ആവശ്യമായ നിയമോപദേശത്തോടെ അന്വേഷണ ഏജൻസി സ്‌പീക്കറെ സമീപിക്കുകയാണ് ചെയ്‌തത്.” സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. തന്നെ ആരും ശ്രദ്ധിക്കാതെ വന്നപ്പോൾ ശ്രദ്ധ ലഭിക്കാനാണു ഷാജി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും സ്‌പീക്കർ പരോക്ഷമായി പരിഹസിച്ചു. അപക്വമായ സമീപനം ഷാജി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.

തനിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസിനു സ്‌പീക്കർ അനുമതി നൽകിയതിനെതിരെ കെ.എം.ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ മുൻപിൽ സ്‌പീക്കർ വിധേയനായി നിന്നുകൊടുത്തെന്നായിരുന്നു ഷാജിയുടെ വിമർശനം. തനിക്കെതിരെ മാനുഷിക പരിഗണന പോലും സ്‌പീക്കർ കാണിച്ചില്ലെന്നും ഷാജി ഇന്നലെ പറഞ്ഞു.

അഴീക്കോട് എംഎൽഎയും ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ് ഷാജിക്കെതിരെയുള്ള നടപടി സർക്കാർ വേഗത്തിലാക്കിയത്.

Read Also: ‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി

എന്നാൽ, തനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് കെ.എം.ഷാജി ആരോപിച്ചു. പിണറായി വിജയനു മാത്രമാണ് ഇതിൽ പങ്ക്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. നല്ലൊരു സ്‌കൂളിനു ഹയർ സെക്കൻഡറി അനുവദിക്കാനുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്‌തത്. വിമർശനമുന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ നീക്കം നടത്തുകയാണ് പിണറായിയെന്നും ഷാജി പറഞ്ഞു. ബിജെപി സർക്കാരിൽ നിന്ന് പിണറായി സർക്കാരിനു യാതൊരു വ്യത്യാസവും ഇല്ലെന്നും കേന്ദ്രത്തിൽ മോദി സർക്കാർ ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്നും ഷാജി വിമർശിച്ചു. മറ്റുള്ളവരോട് കളിക്കുന്നതുപോലെ തന്റെ അടുത്ത് കളിക്കാൻ പറ്റില്ലെന്നും പിണറായിക്ക് ആളുമാറിയെന്നും പറഞ്ഞ ഷാജി ലീഗുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുന്ന കാര്യമടക്കം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance inquiry speaker sreeramakrishnan against km shaji

Next Story
മാട്ടുർ; സംസ്കൃതം സംസാരിക്കുന്ന ഗ്രാമം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express