തിരുവനന്തപുരം: സർക്കാർ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ, തിരുവന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്‍റെ ഭൂമി സ്വാകാര്യ ട്രസ്റ്റിന് നല്‍കാന്‍ ഉത്തരവിട്ട സംഭവത്തിലാണ് പരാതി.

അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയ സാഹചര്യത്തിലാണ് വിജിലൻസ് വകുപ്പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്നാണ് ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ചെന്നിത്തല അനുമതി നല്‍കിയതെന്നാണ് ആരോപണം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ അനൂപാണ് പരാതിക്കാരൻ.

നെട്ടുകാൽത്തേരി തുറന്ന ജയിലിൻറെ രണ്ടരയേക്കർ ഭൂമിയാണ് ആശ്രമ ട്രസ്റ്റിന് വിട്ടുകൊടുത്തത്. സ്‌കൂൾ തുടങ്ങാനാണ് ഭൂമി വിട്ടുകൊടുത്തത്. വിപണി വിലയുടെ പത്ത് ശതമാനം ഈടാക്കി 30 വർഷത്തേക്ക് പാട്ടത്തിനാണ് ഭൂമി വിട്ടുനൽകിയത്. മന്ത്രിസഭ യോഗമാണ് തീരുമാനം അംഗീകരിച്ചത്.

അന്ന് ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിങ് ഈ തീരുമാനത്തെ എതിർത്തിരുന്നു. നിയമവകുപ്പും ഭൂമി വിട്ടുകൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് രണ്ടും ചെന്നിത്തല മറികടന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

തടവുകാർക്ക് ജോലി നൽകാൻ ഭൂമി വിട്ടുനൽകണം എന്നായിരുന്നു ജയിൽ ഡിജിപിയുടെ ആവശ്യം. മന്ത്രിസഭ യോഗ തീരുമാനം വന്ന ശേഷവും ഈ എതിർപ്പ് ഡിജിപി മന്ത്രിയെ അറിയിച്ചു. എന്നാൽ ഈ ആവശ്യം മന്ത്രി ചെവിക്കൊണ്ടില്ല. ഭൂമി ഉടൻ ട്രസ്റ്റിന് വിട്ടുനൽകാൻ മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറയുന്നു. ഈ തീരുമാനം പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ റദ്ദാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ