തിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്കുപരീക്ഷയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ചോദ്യങ്ങളില്‍ ചിലത് സ്വകാര്യ ടൂഷൻ സെന്ററുകളുടെ മാതൃകാപരീക്ഷയിലെ ചോദ്യങ്ങളുമായി സമാനത കണ്ടെത്തിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംസ്ഥാനത്തെ പല അധ്യാപകരും കോച്ചിംഗ് സെന്ററുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളും പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ചോദ്യം തയ്യാറാക്കിയ ജി സുജിത്കുമാര്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ചോദ്യം തയ്യാറാക്കിയ അധ്യാപകനും മലപ്പുറത്തെ സ്വകാര്യ ട്യൂഷന് സെന്ററും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
പരീക്ഷാഭവന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും നിർദേശമുണ്ട്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന് എടുത്താല്‍ നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുള്ളതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയാറാക്കിയതിന് എതിരെയാണ് വ്യാപക പരാതികൾ ഉയർന്നത്. ഈ വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് ആരോപണങ്ങളിൽ കഴമ്പുള്ളതായി സ്ഥിഥീകരിച്ചത്. മലപ്പുറത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകൻ തയാറാക്കിയ 13 ചോദ്യങ്ങളാണ് വിവാദമായത്.
ഇയാൾക്ക് സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്നും ഇയാൾ ആ സ്ഥാപനത്തിനായി ക്ലാസ് എടുക്കാറുണ്ടെന്നും കണ്ടെത്തി. എസ് എസ് എൽ സി കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കമ്മീഷൻ ഇത് സംബന്ധിച്ച് സർക്കാരിനോടും വിശദീകരണം തേടിയിരുന്നു.