തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാർ എംഎൽഎക്കെതിരെ അന്വേഷണത്തിനു അനുമതി നൽകി സർക്കാർ. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നടത്താനാണ് വിജിലൻസിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അന്വേഷണത്തിനു ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് സർക്കാർ നടപടി.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് പരാതികളുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.
Read Also: ആരാധ്യയ്ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെതിരെ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതൽ അന്വേഷണം നടത്താൻ വിജിലൻസ് അനുമതി തേടുകയായിരുന്നു. വിജിലൻസിന്റെ ആവശ്യം ഗവർണർ അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ, തനിക്കെതിരായ നടപടി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ശിവകുമാർ പറഞ്ഞു.
ശിവകുമാറിനെതിരായ നീക്കത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളി. ശിവകുമാറിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.