തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പ്രതിസന്ധികളിൽ മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നൽകുന്നു. കരുത്തുളളവർക്കു നേരെ മാത്രമേ കല്ലേറുണ്ടാകൂ. കല്ലേറു കൊളളാൻ കരുത്തുളളതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും ജേക്കബ് തോമ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

വിജിലൻസ് ഡയറക്ടർക്കെതിരെ എം.വിൻസന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനു നിയമസഭയിൽ മറുപടി നൽകുമ്പോഴാണു മുഖ്യമന്ത്രി ഡയറക്ടർക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചത്. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കില്ല. സ്വകാര്യ കന്പനിയുടെ പേരിൽ ജേക്കബ് തോമസ് ഭൂമി വാങ്ങിയെന്ന ആരോപണം പരിശോധിക്കും. വീഴ്ചയുണ്ടെന്ന് കണ്ടാൽ സംരക്ഷിക്കില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി എടുത്ത ആളാണദ്ദേഹമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു..

ജേക്കബ് തോമസ് സ്വകാര്യകമ്പനിയുടെ ഡയറക്ടറായി, തമിഴ്നാട്ടില്‍ 50 ഏക്കര്‍ സ്ഥലം വാങ്ങിയത് വെളിപ്പെടുത്തിയില്ല എന്നീ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.വിൻസന്റ് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ