കൊച്ചി: വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസിനെ സ്ഥാനത്തു നിന്ന് മാറ്റി പുതിയ തസ്‌തിക നൽകിയേക്കും. സർക്കാരിലും സിപിഎമ്മിലും ജേക്കബ് തോമസിനെതിരെ അതൃപ്‌തി വർദ്ധിച്ച സാഹചര്യത്തിലാണ് തസ്‌തിക മാറ്റാൻ ആലോചിക്കുന്നത്. ഹൈക്കോടതി വിജിലൻസിനെതിരായി ഈയടുത്ത് നടത്തിയ പരാമർശങ്ങളും തീരുമാനമെടുക്കാൻ കാരണമാണെന്ന് അറിയുന്നു.

ജേക്കബ് തോമസിനൊപ്പം മറ്റു ചില ഐഎഎസ്, ഐപിഎസ് റാങ്കിലുളള​ ഉദ്യോഗസ്ഥർക്കും സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു. ഇ.പി.ജയരാജന്‍ മന്ത്രിയായിരിക്കെ നടന്നത് ബന്ധുനിയമനമാണെന്ന വിജിലന്‍സ് നിലപാട് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാവിനെതിരായ ആരോപണം ശരിവയ്‌ക്കാൻ സിപിഎമ്മും തയാറല്ല. അതേസമയം, പാർട്ടിയുടെയും സർക്കാരിന്റെയും ഇഷ്‌ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ ജേക്കബ് തോമസും തയാറാവാത്തത് ഇരുകൂട്ടർക്കുമിടയിൽ പിരിമുറുക്കം സൃഷ്‌ടിക്കുന്നുണ്ട്.

അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടയിൽ തന്നെ ജേക്കബ് തോമസിനെതിരെ അമർഷമുണ്ട്. ഡ്രഡ്‌ജർ ഇടപാടിലെ ക്രമക്കേട്, സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതിൽ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളും ജേക്കബ് തോമസിനെതിരെ വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ