Latest News

വിവാദങ്ങളുടെ കാര്‍ഡിറക്കി വിജിലൻസ് തത്ത

ആര് ഭരിച്ചാലും വിജിലൻസ് അവരുടെ തോളിലേറും. അത് സർക്കാരിനു വേണ്ടിയാണെന്നും അല്ലെന്നുമുളള വിവാദങ്ങളിലൂടെ കടന്നുപോകും. ഇപ്പോൾ രാഷ്ട്രീയ മേഖലയിൽ നിന്നുമാത്രമല്ല, ഉദ്യോഗസ്ഥ മേഖലയിൽ നിന്നും എതിർപ്പുകൾ ഏറ്റവാങ്ങുന്ന വിജിലൻസ് പുതിയ നടപടികളിലൂടെ വീണ്ടും വിവാദത്തിലേയ്ക്ക്

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടറായി ജേക്കബ് തോമസ് ചുമതലയേറ്റപ്പോൾ മുതൽ ചില കാര്യങ്ങൾ ഉറപ്പായിരുന്നു. കേരളത്തിൽ അരങ്ങേറാൻ പോകുന്ന വിവാദങ്ങളുടെ അളവിലും ആഴത്തിലും മാത്രമേ സംശയമുണ്ടായിരുന്നുളളൂ. യുഡിഎഫ് കാലത്തെ വിവാദങ്ങളുടെ തുടർച്ചയിൽ വിജിലൻസ് ഡയറക്‌ടർ സ്ഥാനത്തേയ്ക്ക് കടന്നുവരുകയായിരുന്നു ജേക്കബ് തോമസ്. വിവാദങ്ങളുടെ അകന്പടിയോടെ അവിടെ നിന്നും പടിയിറക്കപ്പെട്ടു, പിന്നെ എൽഡിഎഫ് വന്നപ്പോൾ വിജലൻസ് ഡിജിപിയായി തിരികെയത്തി.

യുഡിഎഫ് കാലത്ത് വിജിലൻസ് എഡിജിപിയായിരുന്നു ജേക്കബ് തോമസിനെ ഉന്നതനാക്കിയാണ് അന്ന് ഒതുക്കിയത്. അന്ന് തുടങ്ങിയ വിവാദം ഇന്നും തുടരുകയാണ്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഉൾപ്പെട്ട ബാർകോഴ കേസിന്റെ അന്വേഷണത്തിനിടയിലാണ് ജേക്കബ് തോമസിനെ ഉന്നതനായി വാഴിച്ച് ഒതുക്കിയത്. ഡിജിപിയാക്കി ഉദ്യോഗക്കയറ്റം നൽകി, പക്ഷേ, നിയമനം ഫയർ ആൻഡ് റെസ്ക്യൂവിലായി. പിന്നെ വിജിലൻസ് കയറിയിറങ്ങിയ വിവാദങ്ങളൊക്കെ വരാനിരിക്കുന്നതിന്റെ ടീസർ മാത്രമായിരുന്നു.

എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കാർഡുകളിറക്കി കളിക്കാൻ ജേക്കബ് തോമസിനെ സർക്കാർ വിജിലൻസ് ഡയറക‌ടറായി രംഗത്തിറക്കി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അഴിമതിവിരുദ്ധ പ്രതിച്ഛായ ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്ന് ജേക്കബ് തോമസിനെ വിജിലൻസ് ഡിജിപിയായി നിയമിച്ചപ്പോൾ തന്നെ വിലയിരുത്തപ്പെട്ടു. എന്നാൽ പിന്നീട് വിവാദങ്ങളുടെ വാഴ്ചയുടെ കാഴ്ചയാണ് കേരളത്തിൽ. മാധ്യമങ്ങൾക്ക് വാർത്തയ്ക്കും രാഷ്ട്രീയക്കാർക്ക് വാർത്താസമ്മേളനത്തിനും ആവശ്യത്തിനുളള വക വിജിലൻസ് കൊടുക്കുന്നുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികളുമായി മുന്നോട്ട് പോയ വിജലൻസ് ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി. അഡീഷണൽ​ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ വരെ തത്ത കൊത്തി. അത് കഴിഞ്ഞ് പോൾ​ അന്റണിയെന്ന ഉദ്യോഗസ്ഥനു നേരെയായി കാർഡിറക്കൽ. തത്തയുടെ കൊത്തുകൊള്ളാത്തവരില്ല ഉദ്യോഗസ്ഥരിലെന്ന അവസ്ഥവരുമെന്നു മനസ്സിലായപ്പോൾ ഐഎഎസ് പട ഇളകി. അവർ സമരം പ്രഖ്യാപനവുമായി രംഗത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ ഇടപെടുകയും വിഷയം വിവാദമാവുകയും ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെയ്ക്കാൻ എസ്.എം.വിജയാനന്ദ് തയ്യാറെടുക്കുകയുമെല്ലാം ചെയ്യുന്നതു വരെയെത്തി കാര്യങ്ങൾ.

കാര്യങ്ങൾ ഈ​യവസ്ഥയിൽ നിൽക്കുമ്പോഴാണ് വി.എസ്.അച്യുതാനന്ദൻ പ്രമാണിമാർ അഴിമതിക്കേസുകളിൽ രക്ഷപ്പെടുന്നുവെന്ന് ആരോപണവുമായി വിജിലൻസിനെതിരെ രംഗത്തെത്തി. പാമോയിൽ കേസ് മുതൽ ഉദാഹരിച്ച് വിഎസ് തന്റെ ലക്ഷ്യവേദിയായ പാറ്റൂർ ഭൂമി ഇടപാടും മൈക്രോ ഫിനാൻസ് തട്ടിപ്പ്, ബാർകോഴ കേസ് എന്നിവ വൈകുന്നതിലേയ്ക്കു ആഞ്ഞടിച്ചു. തൊടുക്കുമ്പോൾ ഒന്ന് കൊളളുമ്പോൾ പത്ത് എന്ന പോലെ വിഎസ് പ്രസ്താവന വന്ന സമയം ഉദ്യോഗസ്ഥർ കാര്യമായി വിനിയോഗിച്ചു. വിജിലൻസ് തത്തയുടെ ചീട്ട് കീറാനുളള അവസരം സമാഗതമായി എന്നവർ ഗണിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ 65 കോടി രൂപയുടെ അഴിമതി നടത്തിയെന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം നൽകുന്നു. തൊട്ടുപിന്നാലെ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ശുപാർശയുമായി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യമന്ത്രിക്ക് കൈമാറി. തത്ത ഇനി പറക്കില്ല. വീട്ടിലിരിക്കും എന്ന് സെക്രട്ടേറിയറ്റിൽ മാത്രമല്ല, ചുറ്റുവട്ടങ്ങളിലും ചർച്ചയായി. പക്ഷേ, കാര്യങ്ങൾ വീണ്ടും കലങ്ങി. ജേക്കബ് തോമസിനെ തളളാതെയും കൊളളാതെയും മുഖ്യമന്ത്രി നിലപാടിലുറച്ചു. ഈ വിഷയത്തിൽ നിയമോപദേശം തേടി മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന് കൈമാറി. തെറ്റ് ചെയ്തത് ആരായാലും അത് അംഗീകരിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുമുണ്ടായി.

ഇതിനിടയിൽ ജേക്കബ് തോമസിനെതിരെ ഈ​ രേഖകൾ​ ഉൾപ്പടെ വിജിലൻസ് കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഈ​ കേസ് തളളി. അതിനിടയിൽ വിജിലൻസ് അന്വേഷണം നേരിടാനാകില്ലെന്ന വാദവുമായി സെക്രട്ടറിയേറ്റിൽ ഫയലുകളിലെ ജീവിതം ഉറക്കമാരംഭിച്ചു. ഓരോ ഫയലും ഓരോ ജീവിതവുമാണെന്ന പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയുടെ മുക്കിന് താഴെ ഫയലുകളുടെ കുംഭകർണസേവ ഇപ്പോഴും അവസാനിച്ചിട്ടില്ല.
കാര്യങ്ങളിൽ മെല്ലെപോക്ക് തുടരുന്നതിനിടയിലാണ് ഹൈക്കോടതി വിജിലൻസ് രാജാണോ കേരളത്തിൽ നടക്കുന്നതെന്ന ചോദ്യമുന്നയിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് ഡയറക്ടറായി ശങ്കർ റെഡ്ഡിയെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന് വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പ്രതിപക്ഷനേതാവും അന്നത്തെ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം ഉണ്ടായത്.

തൊട്ടുപിന്നാലെ കോടതി വീണ്ടും വിജിലൻസിനെ വിർശിച്ചു. വിജിലൻസിന് രാഷ്ട്രീയം കളിക്കാനുളള വേദിയല്ല കോടതിയെന്നായിരുന്നു. അടുത്തത്. കെ.എം.മാണി ഉൾപ്പെട്ട ബാർ കോഴ കേസ് സംബന്ധിച്ച കേസിലാണ് ഈ​പരാമർശം ഉണ്ടായത്. ഈ പരാമർശം ഉയർത്തിയ വിവാദം അവസാനിക്കും മുന്പ് ജേക്കബ് തോമസ് തന്റെ വെടി പൊട്ടിച്ചു. വൻകിട പദ്ധതികൾക്കെതിരായ പരാതികൾ ഇനി സ്വീകരിക്കില്ലെന്നാണ് വിജിലൻസിന്റെ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് നോട്ടീസ് ബോർഡിൽ പതിക്കുകയും വിവാദമായതോടെ അറിയിപ്പ് നോട്ടീസ് ബോർഡിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റപ്പോൾ തന്നെ കാർഡുകളുമായി ഇറങ്ങിയ ജേക്കബ് തോമസ് ഇപ്പോൾ സ്വന്തം കാർഡ് കീറുകയാണോ.

Web Title: Vigilance director jacob thomas controversy udf ldf corruption

Next Story
നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; അനാവശ്യമായി മകന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് കെപിഎസി ലളിത
The moderation of comments is automated and not cleared manually by malayalam.indianexpress.com