തിരുവനന്തപുരം: വിജിലൻസ് കേസന്വേഷണത്തിന് ജേക്കബ് തോമസ് ഇറക്കിയ സർക്കുലർ തിരുത്തി സർക്കാർ ഉത്തരവിറക്കി. വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിജിലൻസ് കേസ് റജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം. വിജിലൻസിന്റെ ഏതു ഓഫിസിൽ പരാതി വന്നാലും അത് ഹെഡ്ക്വാർട്ടസിലേക്ക് എത്തിക്കണം. അവിടെ ഹെഡ്ക്വാർട്ടേഴ്സ് എസ്പി പരിശോധിച്ചശേഷം വിജിലൻസ് ഡയറക്ടറുടെയും അനുമതി ലഭിച്ചശേഷമേ കേസ് റജിസ്റ്റർ ചെയ്യാവൂ. അന്വേഷണം പുരോഗമിക്കുന്ന സമയത്ത് ഡയറക്ടർക്ക് പരിശോധിക്കാനുളള അധികാരമുണ്ടായിരിക്കും. കുറ്റപത്രത്തിന്റെ കാര്യത്തിലും വിജിലൻസ് ഡയറക്ടർക്ക് തീരുമാനം എടുക്കാമെന്നും സർക്കാർ അറിയിച്ചു. ഇതോടെ ജേക്കബ് തോമസ് പുറത്തിറക്കിയ സർക്കുലർ അസാധുവായി.

വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് നിലവിലെ വ്യവസ്ഥകൾ മാറ്റിക്കൊണ്ട് നിരവധി സർക്കുലർ പുറത്തിറക്കിയിരുന്നു. ഒരു പരാതി ലഭിച്ചാൽ അതിൽ കേസെടുക്കാനും അന്വേഷിക്കാനും കുറ്റപത്രം സമർപ്പിക്കാനും ഡിവൈഎസ്പിമാർക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിക്കൊണ്ടുളളതായിരുന്നു ഇതിലെ പ്രധാനപ്പെട്ട സർക്കുലർ. വിജിലൻസ് ഡയറക്ടറുടെ അനുമതി ആവശ്യമെങ്കിൽ മാത്രം വാങ്ങിയാൽ മതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈഎസ്പിമാർക്കും എസ്പിമാർക്കും സർക്കുലർ അയച്ചിരുന്നു.

ജേക്കബ് തോമസിന്റെ ഈ സർക്കുലർ വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഹൈക്കോടതിയിൽനിന്നും സർക്കാരിന് വിമർശനം ഏൽക്കേണ്ടിയും വന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും വിജിലൻസ് ഡയറക്ടരുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സർക്കാർ അസാധുവാക്കിക്കൊണ്ടുളള തീരുമാനം എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ