തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പത്രപരസ്യത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതിയിൽ. പരസ്യം നൽകിയത് വഴി സംസ്ഥാന സർക്കാരിന് 10 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഹർജിക്കാരൻ പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ അസാധാരണമായി യാതൊന്നും ഇല്ലെന്നാണ് പ്രൊസിക്യൂഷൻ വാദം. ജിഷ്ണു പ്രണോയി കേസിൽ അമ്മ മഹിജയും അച്ഛൻ അശോകനും അടക്കം ബന്ധുക്കൾക്ക് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ മർദ്ദനമേറ്റതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇത് മറികടക്കാനാണ് പരസ്യം നൽകിയത്.

സംസ്ഥാന സർക്കാരിനെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നടക്കം രൂക്ഷ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് സർക്കാർ അസാധാരണ നടപടി കൈക്കൊണ്ടത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ പരസ്യത്തിൽ കേസിലെ സംസ്ഥാന സർക്കാർ നടപടികൾ അക്കമിട്ട് നിരത്തിയിരുന്നു.

പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുന്നത് ഇത്തരം കേസിൽ ആദ്യമായാണ്.

മുൻകൂർ ജാമ്യം നേടിയ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെയും കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥിന്റെ മകൻ സഞ്ജിത്ത് വിശ്വനാഥനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.

സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന്, ഇവർ സ്ഥിതിഗതികൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു.

ജിഷ്ണുവുമായി ബന്ധമില്ലാത്ത വലിയൊരു സംഘം ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പം എത്തിയിരുന്നു. ഇതിനാലാണ് പൊലീസ് അകത്തേക്ക് പ്രവേശനം നൽകാതിരുന്നത്. മഹിജയെയോ മറ്റ് കുടുംബാംഗങ്ങളെയോ പൊലീസ് ആക്രമിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകൾ തെറ്റാണ്.

പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബന്ധുക്കളായ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്തിട്ടുമില്ല.

മകൻ നഷ്ടപ്പെട്ടത് മൂലം കണ്ണീരിലായ ഒരു കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും ജിഷ്ണുവിന്റെ കേസ് നിഷ്‌പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു എന്നിങ്ങനെയാണ് പരസ്യത്തിൽ സർക്കാർ വിശദീകരിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.