കൊച്ചി: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസിൽ ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. പത്ത് തവണ കത്തയച്ചിട്ടും ചീഫ് സെക്രട്ടറി നടപടിയെടുത്തില്ലെന്ന വിജിലൻസ് അന്വേഷണ സംഘത്തിന്റെ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ വിമർശനം ഉന്നയിച്ചത്.
രണ്ട് കേസുകളിലായി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് ടോം ജോസിനെതിരെ ഉള്ളതെന്ന് വിജിലൻസ് അന്വേഷണം സംഘം കോടതിയെ അറിയിച്ചു. ഇദ്ദേഹത്തിനെതിരെ പത്ത് കത്തുകൾ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നെന്നും എന്നാൽ നടപടിയെടുത്തില്ലെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു വിമർശനം. കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇദ്ദേഹത്തിനെതിരെ എത്ര കേസ് നിലവിലുണ്ടെന്നും കോടതി ആരാഞ്ഞു.
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നതോടെ ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥരും സർക്കാരിനെതിരെ ശീതസമരത്തിലാണ്.
ഉന്നത ഉദ്യോഗസ്ഥർക്കെതിരെയടക്കം കേസെടുക്കുന്നതിന് വിജിലൻസിനെ വിലക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. കോടതിയുടെ വിമർശനം സർക്കാരിനോട് സമരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ക്ഷീണമാണ്. വിജിലൻസ് സ്വീകരിക്കുന്ന നിലപാട് സർക്കാരിന് ഗുണമേകുന്പോൾ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ക്ഷീണവുമാകും.