തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർവാഹന വകുപ്പ് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു ലക്ഷം രൂപയിലേറെ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാനായി ഏജന്റുമാര്‍ കൊണ്ടുവന്നുവെന്ന് കരുതുന്നതാണ് ഈ തുക. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് അഴിമതി നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
‘ഓപറേഷന്‍ സ്പീഡ് ചെക്ക്’ എന്ന പേരില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ നടത്തിയ പരിശോധനയില്‍ എറണാകുളം പെരുമ്പാവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റമാരുടെ പക്കല്‍നിന്നു 89,620 രൂപയും ഇടുക്കി പീരുമേട് ആര്‍ ടി ഓഫീസില്‍നിന്ന് 65,660 രൂപയും അടിമാലി ആര്‍ടി ഓഫീസില്‍നിന്ന് 58,100 രൂപയും പിടിച്ചെടുത്തു.
ഓഫിസുകളില്‍നിന്നു പിടിച്ചെടുത്ത മറ്റു തുക: തിരുവനന്തപുരം കാട്ടാക്കട ആര്‍ടി ഓഫീസ്-23,860, എറണാകുളം കോതമംഗലം ആര്‍ടി ഓഫീസ്-17,550, ഇടുക്കി ആര്‍ടി ഓഫീസ്-16,060, ആലുവ സബ് ആര്‍ടി ഓഫീസ് പരിധി- 11,360, ആലപ്പുഴ ചേര്‍ത്തല ജോയിന്റ് ആര്‍ടി ഓഫീസ്-10,050, കോട്ടയം വൈക്കം ആര്‍ടി ഓഫീസ്-9,840, ആലപ്പുഴ കായംകുളം ആര്‍ടി ഓഫീസ്- 1,000, എറണാകുളം ആര്‍ടി ഓഫീസ്-1,000.
ചേര്‍ത്തല ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പക്കല്‍നിന്നു കണക്കില്‍പ്പെടാത്ത 4,120 രൂപയും കോട്ടയം ആര്‍ടി ഓഫീസിലെ ബാത്ത് റൂമില്‍നിന്ന് 140 രൂപയും പാലാ ജോയിന്റ് ആര്‍ടി ഓഫീസിലെ ക്ലാക്കില്‍നിന്ന് 700 രൂപയും മട്ടാഞ്ചേരി സബ്് ആര്‍ടി ഓഫീസിലെ ജനാലയ്ക്കു പുറത്തുനിന്നു 400 രൂപയും കണ്ടെടുത്തു.
Also Read: ശബരിമല ദര്‍ശനം: കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട
വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് തുടങ്ങിയ സേവനങ്ങളില്‍ ഓണ്‍ലൈനായുള്ള അപേക്ഷയുടെ ഹാര്‍ഡ് കോപ്പി നേരിട്ടു സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ മറവില്‍ ഏജന്റുമാരും ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി.
ഏജന്റുമാര്‍ മുഖേനെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഇത്തരം അപേക്ഷകള്‍ തിഞ്ഞെടുത്ത് വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കും. സര്‍ക്കാര്‍ ഫീസിന്റെ പല മടങ്ങ് അപേക്ഷകരില്‍നിന്നു വാങ്ങുന്ന ഏജന്റുമാര്‍, വിഹിതം ഓഫീസ് സമയം കഴിയാറാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചുനല്‍കുന്നതായി വിജിലന്‍സ് കണ്ടെത്തി. അതേസമയം, നേരിട്ടു ലഭിക്കുന്ന അപേക്ഷകളില്‍ മനപ്പൂര്‍വം കാലതാമസം വരുത്തുന്നതായും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുന്നതായും കണ്ടെത്തി.
പൊന്‍കുന്നം, മൂവാറ്റുപുഴ ആര്‍ടി ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളില്‍ വിവിധ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.
കോവിഡ് സാഹചര്യത്തില്‍ ലേണഴ്‌സ് ടെസ്റ്റിനുള്ള എഴുത്തുപരീക്ഷ അപേക്ഷകര്‍ക്കു സൗകരയപ്രദമായ സഥലത്തുനിന്ന് ഓണ്‍ലൈനായി പങ്കെടു്ക്കാനുള്ള അനുവാദമുണ്ട്. ഇത് ദുരുപയോഗം ചെയ്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ തന്നെ അപേക്ഷകരുടെ ഒടിപി ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കുന്നു. ഇത്തരത്തില്‍, ഇതര സംസ്ഥാനക്കാര്‍ പോലും മലയാളത്തിലുള്ള പരീക്ഷ നിഷ്പ്രയാസം പാസാകുന്നതായി കണ്ടെത്തി.
തൊടുപുഴ ആര്‍ടി ഓഫീസില്‍ അപേക്ഷകര്‍ക്കു പകരം ഏജന്റുമാര്‍ ലേണേഴ്‌സ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടരുടെ ചുമതലയിലുള്ള ഐജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു വിവിധ ഓഫിസുകളിലെ മിന്നല്‍ പരിശോധന.