തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വരവിൽ കഴിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജലൻസ് കുറ്റപത്രം. പതിനൊന്ന് കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുവെന്ന് റിപ്പോർട്ട്.

സൂരജിന്റെ 2004 മുതൽ 2014 വരെയുളള കാലയളവിലെ സമ്പാദ്യമാണ് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കിയത്. ഈ കാലയളവിൽ വരുമാനത്തെക്കാൾ 314 ശതമാനം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.

2014 നവംബറിൽ സൂരജിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലായ സൂരജ് അന്ന് തന്നെ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

“മുഖംമൂടി ധരിച്ച് മാന്യന്മാരായി നടക്കുന്നവരുമായി ബന്ധപ്പെട്ട് തെളിവുകൾ എന്റെ കൈവശം ഉണ്ട്. എന്നെ കുറ്റക്കാരനാക്കിയാൽ ഞാൻ ശരിയായ സമയത്ത് എല്ലാം തുറന്നുപറയും. ഈ മാന്യന്മാരെ തുറന്നുകാട്ടാനുളള തെളിവുകൾ എന്റെ കൈവശമുണ്ട് “എന്ന് അന്ന് സൂരജ് പറഞ്ഞിരുന്നു.

കേരളത്തിൽ പല തവണ വിവാദങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് സൂരജ്. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് സൂരജ് അറിയപ്പെട്ടിരുന്നത്.

ഫോറസ്റ്റ് റെയ്‌ഞ്ചറായിട്ടായിരുന്നു സൂരജ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സൂരജ് ഡെപ്യൂട്ടി കലക്ടറായി. 1994 ൽ സൂരജിന് ഐ എ എസ് നൽകി. റജിസ്ട്രേഷൻ ഐ ജിയായിരുന്ന കോഴിക്കോട് ജില്ലാ കലക്ടറായിരിക്കുമ്പോൾ മുതൽ വിവാദത്തിന്രെ വഴിയിലാണ് സൂരജ്. 2002 ൽ ആന്രണി സർക്കാരിന്രെ കാലത്താണ് അദ്ദേഹം വിവാദത്തിന്രെ കേന്ദ്ര ബിന്ദുവായി മാറിയത്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സൂരജിനെ വിവാദ നായകനാക്കിയത്. അന്ന് സൂരജ് കോഴിക്കോട് ജില്ലാ കലക്ടറായിരുന്നു. വ്യവസായ വകുപ്പിന്രെ ഡയറക്ടറായിരിക്കെയും സൂരജ് വീണ്ടും വിവാദങ്ങളിലായി. അതിന് ശേഷമാണ് പൊതുമരാമത്ത് സെക്രട്ടറിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.