കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് ഏറ്റവും പ്രധാനമായ കാരണം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.
Read More: കെ.എം.ഷാജിക്ക് തിരിച്ചടി; വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി
കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിൻ്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശപ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ, അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു കളയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താൻ കെ.എം ഷാജി സമർപ്പിച്ച അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളിയിരുന്നു. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നൽകിയത്. കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നഗരസഭ ഉദ്യോഗസ്ഥർ ഷാജിയുടെ വീടും സ്ഥലവും അളന്നത്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്നാണ് കണ്ടെത്തൽ. 2,200 ചതുരശ്ര അടി അധിക നിർമാണത്തിൽ ഉൾപ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണെന്നും എന്നാൽ, നിർമ്മിച്ചത് 5,450 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും കോർപ്പറേഷൻ കണ്ടെത്തിയിരുന്നു.
ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. നവംബർ പത്തിനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.