തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിജിലന്‍സ് ജഡ്ജി ആശുപത്രിയിലെത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്. ജയിലിലേക്ക് മാറ്റില്ല. കൊച്ചിയിലെ ആശുപത്രിയിൽ തന്നെ തുടരും. ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ഉച്ചയോടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ആശുപത്രി മുറിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയിരുന്നു.
ഇ.ശ്രീധരൻ കേസിൽ സാക്ഷിയായേക്കും. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടി. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചു. നേരത്തെയും പലവട്ടം വിജിലൻസും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല.
ഇന്ന് രാവിലെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസ് നൽകിയിരുന്നു. ആലുവ പൊലീസും വിജിലൻസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജിന് പുറമെ കരാർ കമ്പനിയായ ആർഡിഎസിന്റെ എംഡി സുമിത് ഗോയൽ, ആർബിഡിസികെ മുൻ അസി. മാനേജർ എം ടി തങ്കച്ചൻ, കിറ്റ്കോ മുൻ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.