ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇറാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മലയാളികള്‍ അടക്കമുളള കപ്പലിലെ ജീവനക്കാര്‍ ഭക്ഷണം പാചകം ചെയ്യുന്നതും സംവദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം.

കപ്പല്‍ പിടിച്ചെടുത്തെന്ന് ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി തന്നെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. കപ്പല്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാന്‍ അറിയിച്ചു. കപ്പലിലേക്ക് ഇറാന്‍ ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ല. ഇതോടെ ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ സ്റ്റെനോ എംപറോ എണ്ണക്കപ്പലില്‍ മലയാളികളും ഉളളതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എറണാകുളം സ്വദേശിയായ ഡിജോ പാപ്പച്ചന്റെ വീട്ടില്‍ കപ്പല്‍ കമ്പനി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതായി വിവരമുണ്ട്. ഒരു മാസം മുമ്പാണ് ഇയാള്‍ കപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്.

കൊച്ചി പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റുള്ളവര്‍. ഇതില്‍ പള്ളുരുത്തി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണ്.നേരത്തെ, ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത ഗ്രേസ്-1 എന്ന ഇറാനിയന്‍ കപ്പലിലും മലയാളികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. മൂന്ന് മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍, കാസര്‍കോട് സ്വദേശി പ്രദീഷ്,ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കപ്പലിലുള്ളത്.

അജ്മലും പ്രദീഷും ബന്ധുക്കളുമായി സംസാരിച്ചു. അജ്മലാണ് ആദ്യം ബന്ധുക്കളെ ബന്ധപ്പെട്ടത്. പിന്നാലെ പ്രദീഷും വീട്ടുകാരുമായി സംസാരിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്നാണ് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യക്കാരായി 22 പേരുണ്ടെന്നാണ് പ്രദീഷ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോള്‍ രണ്ടാഴ്ച മുമ്പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നുമാറി ഗ്രേസ്-1 ഇറാനിയന്‍ ടാങ്കര്‍ റോയല്‍ മറീനുകള്‍ പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനെ തുടര്‍ന്നാണ് പിടിച്ചെടുക്കല്‍. കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ ഇറാന്‍ പിടിച്ചടക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.