കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ ചിത്രീകരിച്ച ദൃശ്യങ്ങൾ പൾസർ സുനി നടൻ ദിലീപിനെ ഏൽപ്പിച്ചതായി പൊലീസിന്റെ സത്യവാങ്ങ്മൂലം. ഇന്ന് ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അങ്കമാലി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏഴ് കാര്യങ്ങളാണ് ദിലീപിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയിരുന്നു. പിന്നീട് ഇതിന് വാഗ്ദാനം ചെയ്ത പണം ദിലീപ് നൽകിയില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള പ്രമുഖ വ്യക്തികളെ ചോദ്യം ചെയ്യാനുണ്ടെന്നാണ് കോടതിയിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പൾസർ സുനി മൊബൈൽ ഫോൺ കൈമാറിയ അഡ്വ പ്രതീഷ് ചാക്കോയെ വിശദമായി ചോദ്യം ചെയ്യണം. സിനിമ മേഖലയിൽ നിന്നടക്കം ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രമുഖരെയും കേസിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിനെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുമെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് പറഞ്ഞത്. ഇപ്പോൾ ഇദ്ദേഹത്തിന് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സത്യവാങ്ങ്മൂലത്തിൽ പൊലീസ് ചൂണ്ടിക്കാട്ടി.

ദിലീപിന് ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തിലെ ഇദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാൻ സാധിക്കാതെ വരുമെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപും മഞ്ജുവുമായുള്ള കുടുംബ ബന്ധം തകരാനിടയായതാണ് ആക്രമണത്തിന് പിന്നിലെ കാരണമായി പൊലീസ് ആവർത്തിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ