തൃശ്ശൂർ: പ്രശാന്ത സുന്ദരമായ നാട്ടിൻപുറത്തേക്കാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പട്ടാളം ഇറങ്ങിയത്. അത് വെറും സിനിമാക്കാര്യമാണെന്ന് കരുതി തള്ളാം. പക്ഷെ നാട്ടിലെ ചായക്കടയിൽ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോൾ പട്ടാള വണ്ടി വന്ന് നിന്നാലോ? തൃശ്ശൂരിലെ ചാവക്കാടിനടുത്ത് ബ്ലാങ്ങാട് ഞായറാഴ്ച വൈകിട്ടുണ്ടായത് ഇത്തരമൊരു സംഭവമാണ്.

ഒന്നല്ല, പതിനാല് പട്ടാളവണ്ടികളാണ് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ചാവക്കാട് എത്തിയത്. മുന്നിൽ ഒരു ജീപ്പും പുറകിൽ പതിമൂന്ന് ട്രക്കുകളും. യൂണിഫോം അണിഞ്ഞ പട്ടാളക്കാർ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി കൂട്ടമായി നിന്ന് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും കണ്ടു നിന്ന നാട്ടുകാരുടെയെല്ലാം പാതിശ്വാസം നിലച്ചു.

ചാവക്കാട്: ബ്ലാങ്ങാട് പട്ടാളം ഇറങ്ങി. ആരും ഞെട്ടണ്ട. കലാപം ഒതുക്കാന്‍ വന്നതല്ല. അവര്‍ വഴിതെറ്റി വന്നതാണ്.

Suhaib Chinnali 发布于 2017年4月2日

ഒരു ഭീകരാക്രമണത്തിന്റെ എല്ലാ മണവും ഒരുമിച്ച് അടിച്ച് കാഴ്ച പോലും മറഞ്ഞുപോയി നാട്ടുകാർക്ക്. ഊഹാപോഹങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നു. ഇതിനിടയിൽ വാഹനങ്ങളുടെയും പട്ടാളക്കാരുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തിയ മറ്റ് ചിലരാകട്ടെ തങ്ങൾക്ക് മനസിൽ തോന്നിയ അടിക്കുറിപ്പുകൾ നൽകി അവയെല്ലാം ഫെയ്സ്ബുക്കിലും വാട്‌സ്‌ആപ്പിലും ഷെയർ ചെയ്തു.എന്നാൽ ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ വണ്ടികളെല്ലാം ഒന്നിന് പുറകേ ഒന്നായി ഇവിടെ നിന്നും യാത്രയായി. ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾ വഴിതെറ്റി വന്നതാണെന്ന് വിശദീകരണവും കിട്ടി. നാട്ടുകാരുടെ നെഞ്ചിൽ നിന്ന് കലാപത്തിന്റെ ആധിയും ഭീകരാക്രമണത്തിന്റെ ആശങ്കകളും ഒഴിഞ്ഞു.

എന്നാൽ ഇതിനോടകം തന്നെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു. വിഷയത്തിൽ ഇടപെട്ട ഗുരുവായൂർ എംഎൽഎ കെ.വി.അബ്ദുൾഖാദർ പറഞ്ഞത് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിന് വഴി തെറ്റിയെന്നാണ്. “ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയാണെന്നാണ് വിവരം ലഭിച്ചത്. ഇവർ ദേശീയ പാത 17 ലൂടെ വരുമ്പോൾ മണത്തലയ്ക്കടുത്ത് മുല്ലത്തറ ജംഗ്ഷനിൽ വച്ച് ഇടത്തോട്ട് തിരിയണം. എന്നാൽ 13 വാഹനങ്ങളെ നയിച്ച ജീപ്പ് ഇവിടെ നിന്നും നേരെ മുന്നോട്ട് പോയി. ഇത് തീരപ്രദേശത്തുകൂടിയാണ് പോയത്.” അദ്ദേഹം പറഞ്ഞു.

“നാട്ടിൻപുറത്ത് പെട്ടെന്ന് ഇത്രയധികം പട്ടാള വണ്ടികകൾ ഒരുമിച്ച് വന്ന് നിന്നപ്പോൾ അത് ശരിക്കും ഭീതി പരത്തി. പക്ഷെ എന്താണ് കാര്യം എന്ന് അറിയുന്നതിന് മുൻപ് തന്നെ ചില വിരുതന്മാർ വീഡിയോ എടുത്ത് ഫെയ്സ്ബുക്കിലും ഇട്ടു. വീഡിയോ ഉൾപ്പടെ കണ്ടപ്പോൾ ഇവിടെ എന്തോ കലാപം നടക്കാൻ പോവുകയാണെന്ന് ലോകം മുഴുവൻ വാർത്തയും പരന്നു. ഇപ്പോഴും തീർന്നിട്ടില്ല ഗൾഫിൽ നിന്നും മറ്റുമുള്ള വിളി. എന്റെ നാടാണത്. സമാധാനം പറയണമല്ലോ എല്ലാവരോടും.” അദ്ദേഹം കൂട്ടിച്ചേർത്തു.

അനാവശ്യ വിവാദമാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ ഉണ്ടാക്കിയതെന്ന് ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പറഞ്ഞു.”ഞാൻ തന്നെ രാത്രിയിൽ പട്രോളിംഗിന് പോയപ്പോൾ നാലോ അഞ്ചോ വട്ടം പട്ടാളവണ്ടികൾ പോവുന്നത് കണ്ടിട്ടുണ്ട്. അവർക്കൊന്ന് വഴി തെറ്റി. ഏതാണ്ട് ഒരു മണിക്കൂർ അവിടെ നിന്ന ശേഷം അവർ പോവുകയും ചെയ്തു. അതിനെയാണ് ഭീകരാക്രമണം എന്നും കലാപമെന്നുമെല്ലാം ആളുകൾ പറഞ്ഞു പരത്തിയത്.” അദ്ദേഹം പറഞ്ഞു.

കൊച്ചി നേവൽ ബേസിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ ചുമതലയുള്ള മേജർ ശ്രീധർ വാര്യറും പാങ്ങോട് പട്ടാള ക്യാമ്പിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിലുള്ള കൃഷ്ണൻകുട്ടിയും ഇക്കാര്യം ഇതുവരെയായും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. “കൊച്ചിയിലെ നേവൽ ബേസിലേക്ക് ഇങ്ങിനെ വണ്ടികൾ വന്നിട്ടില്ല. സാധാരണ കരസേനയുടെ വാഹനങ്ങൾ ഇങ്ങോട്ടേയ്ക്ക് വരാറില്ല. പോയിട്ടുണ്ടെങ്കിൽ പാങ്ങോട് ക്യാമ്പിലേക്കായിരിക്കും” എന്ന് വണ്ടികളുടെ വിശദാംശം തിരക്കിയ ശേഷം ഇക്കാര്യം മേജർ ശ്രീധർ വാര്യർ വ്യക്തമാക്കി. പാങ്ങോട് ക്യാമ്പിലും വാഹന വ്യൂഹത്തിന് വഴിതെറ്റിയ കാര്യം ഇതുവരെയും അറിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ