കൊച്ചി: കൊച്ചി മെട്രോയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യാത്ര ചെയ്തു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ വെങ്കയ്യ നായിഡു ഇന്ന് രാവിലെയാണ് മെട്രോയിൽ യാത്ര ചെയ്തത്. മന്ത്രി മാത്യു ടി.തോമസ്, ഡിജിപി ലോക്‌നാഥ് ബെഹ്റ എന്നിവർക്കൊപ്പമായിരുന്നു ഉപരാഷ്ട്രപതിയുടെ മെട്രോ യാത്ര.
മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഇടപ്പളളി വരെയാണ് ഉപരാഷ്ട്രപതി കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ട്രെയിനിലുണ്ടായിരുന്ന കുട്ടികളോടും യാത്രക്കാരോടും ഉപരാഷ്ട്രപതി സംസാരിച്ചു.
ഇടപ്പളളിയിൽ ഇറങ്ങിയ ഉപരാഷ്ട്രപതി പിന്നീട് ദക്ഷിണ നാവിക സേനയുടെ ഹെലികോപ്റ്ററിൽ പിന്നീട് തിരുവല്ലയിലേക്ക് പോയി.
Officials of Kochi Metro briefed me on future expansion plans. #KochiMetro pic.twitter.com/eMKFwUeumc
— VicePresidentOfIndia (@VPSecretariat) April 30, 2018
മധ്യമേഖല ഐജി വിജയ് സാക്കറെ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശ്, ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുളള എന്നിവർ ഉപരാഷ്ട്രപതിയെ യാത്ര അയയ്ക്കാനെത്തി.
ഇന്നലെ കാസർഗോഡ് കേന്ദ്രസർവ്വകലാശാലയുടെ പുതിയ ക്യാംപസിന്റെ ഉദ്ഘാടനത്തിന് എത്തിയ ഉപരാഷ്ട്രപതി ഉച്ചയ്ക്കാണ് കൊച്ചിയിലെത്തിയത്. എറണാകുളത്ത് ഗസ്റ്റ് ഹൗസിൽ താമസിച്ച അദ്ദേഹം ഇന്ന് രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത സവാരിക്ക് എത്തിയിരുന്നു.