കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നെത്തും. രാവിലെ കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക് 2.10 നാണ് ദക്ഷിണ നാവികസേന ആസ്ഥാനത്തെ വിമാനത്താവളത്തിൽ അദ്ദേഹം വിമാനമിറങ്ങുക.
വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതിക്ക് സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. 2.20 ന് ഇവിടെ നിന്ന് റോഡ് മാർഗം എറണാകുളം ഗസ്റ്റ് ഹൗസിലെത്തുന്ന വെങ്കയ്യ നായിഡു കൊച്ചിയിൽ രാഷ്ട്രീയ നേതാക്കളുമായും ഭരണതലവന്മാരുമായും ചർച്ച നടത്തും.
ഞായറാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഉപരാഷ്ട്രപതിയുടെ താമസം. തിങ്കളാഴ്ച രാവിലെ നേവൽ ബേസിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവല്ലയ്ക്ക് പോകുന്ന അദ്ദേഹം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങിൽ ഭാഗമാകും. ഇതിന് ശേഷം തിരികെ നേവൽ ബേസിലെത്തുന്ന അദ്ദേഹം അന്ന് തന്നെ വിമാനമാർഗം തലസ്ഥാനത്തേക്ക് തിരികെ പോകും.