തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘അനുയാത്ര’ പദ്ധതിയെ പ്രശംസിച്ച് ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിയും ഗവർണർ ജസ്റ്റിസ് പി.സദാശിവവും. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്ക് ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ഉപരാഷ്ട്രപതിയും ഗവർണറും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഗര്‍ഭാവസ്ഥയില്‍ത്തന്നെ വൈകല്യം നിര്‍ണയിച്ച് പ്രതിരോധിക്കുന്നതു മുതല്‍ അംഗപരിമിതരുടെ പുനരധിവാസംവരെ ഉള്‍പ്പെടുന്ന പദ്ധതികളാണ് അനുയാത്രയിലുള്ളത്. കേരള സര്‍ക്കാരിന്റെത് ശ്രദ്ധേയവും വിശിഷ്ടവുമായ സംരംഭമാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി പറഞ്ഞു.

‘ഇന്ത്യയിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട 12 ദശലക്ഷം കുട്ടികളുണ്ട്. ഇവരിൽ ഒരു ദശലക്ഷം കുട്ടികൾക്കു മാത്രമാണു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നത്. ഏകീകൃത സംവിധാനമില്ലാത്തതിനാൽ പദ്ധതികളുടെ നടത്തിപ്പു പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടൊപ്പം സാമൂഹികപങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് അനുയാത്രയിലൂടെ കേരളം നടപ്പാക്കുന്നത്.’ ഉപരാഷ്ട്രപതി പറഞ്ഞു.

അസാധാരണ കാല്‍വയ്പ്പിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃകയാവുകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗോപിനാഥ് മുതുകാട് പരിശീലനം നൽകിയ കുട്ടികളുടെ മാജിക് ടീമായ ‘എംപവറി’നെ അനുയാത്ര പദ്ധതിയുടെ പ്രചാരകരായി ഉപരാഷ്ട്രപതി പ്രഖ്യാപിച്ചു.

അംഗപരിമിതര്‍ക്കായി മാതൃകാ ശിശു പുന:രധിവാസ കേന്ദ്രങ്ങളും പ്രത്യേക അംഗന്‍വാടികളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലായിരിക്കും ആദ്യകേന്ദ്രം. അനുയാത്ര പദ്ധതിക്കായി ഇതിനകം 31 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെകെ. ശൈലജ, വി.എസ്. ശിവകുമാർ എംഎൽഎ, മേയർ വി.കെ. പ്രശാന്ത്, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള 23 കുട്ടികളുടെ സംഘമായ ‘എം പവറി’ന്റെ മാജിക് അരങ്ങേറ്റവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ