തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് 10 വി സിമാരും വിശദീകരണം നല്കി. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വൈസ് ചാന്‍സലര്‍മാര്‍ രാജ്ഭവന് മറുപടി കൈമാറിയത്. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതിനാല്‍ മറുപടി നല്‍കിയില്ല. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. 11 വിസിമാരുടെ നിയമനം യു ജി സി ചട്ടം അനുസരിച്ചല്ല എന്ന് രാജ്ഭവന് കണ്ടെത്തിയിരുന്നു. വി.സിമാരുടെ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
യുജിസി ചട്ടപ്രകാരമല്ല നിയമനമെന്ന കാരണത്താല്‍ എപിജെ അബ്ദുല്‍ സാങ്കേതിക സര്‍വകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി അടിസ്ഥാനമാക്കിയാണ് ഗവര്‍ണര്‍ മറ്റ് സര്‍വകലാശാകളിലെ വിസിമാരോടും രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.