പാലക്കാട്: മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന കെ.ഉണ്ണിക്കൃഷ്ണ വാര്യർ (കെ.യു.വാര്യർ-90) ഇനി ഓർമ്മകളിൽ. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും മാധ്യമ പ്രവർത്തകനും പത്രാധിപരുമായി സേവനമനുഷ്ഠിച്ച കെ.യു.വാര്യർ ഇന്നലെയാണ് നിര്യാതനായത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രങ്ങളായ ‘ദേശാഭിമാനി,’  ‘ജനയുഗം’ എന്നിവയിൽ പത്രപ്രവർത്തകനായിരുന്നു. പിന്നീട് ഇന്ത്യാ പ്രസ് ഏജൻസി, ‘ശങ്കേഴ്സ് വീക്ക്‌ലി,’ ‘ന്യൂ ഏജ്,’  ‘മെയിൻ സ്ട്രീം’ എന്നിവയിൽ പ്രവർത്തിച്ചു. 1952ല്‍ ‘ദേശാഭിനി’യിലാണ് അദ്ദേഹം പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും, ഡൽഹിയിലും അദ്ദേഹം പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു. ‘ദേശാഭിമാനി’ക്ക് ശേഷം ‘ജനയുഗ’ത്തിലേയ്ക്ക് മാറി. പിന്നീട് 1962 മുതൽ ‘മെയിൻ സ്ട്രീമി’ലും ‘ന്യൂ ഏജ്,’ ‘ശങ്കേഴ്സ് വീക്ക്‌ലി’ എന്നിവയിൽ പ്രവർത്തിച്ചു. 1974 മുതൽ ഇന്ത്യാ പ്രസ് ഏജൻസിയിൽ പ്രവർത്തിച്ചു. അതിന് ശേഷമാണ് അദ്ദേഹം അഫ്ഗാനിസ്ഥാനിലേയ്ക്ക് പോകുന്നത്.

1985ൽ അഫ്ഗാനിലെത്തിയ അദ്ദേഹം ‘കാബൂൾ ടൈംസി’ന്റെ പത്രാധിപസമിതി അംഗമായി ചുമതലയേറ്റു. അഫ്ഗാനിസ്ഥാനിൽ നജീജുബുളള അധികാരമേറ്റെടുത്തിന് പിന്നാലെയാണ് കെ.യു.വാര്യർ ‘കാബൂൾ ടൈംസി’ന്റെ എഡിറ്ററായി ചുമതലയേൽക്കുന്നത്.

കേരളത്തിൽ 1988 ൽ  തിരിച്ചെത്തിയ ശേഷം അദ്ദേഹം സിപിഐയുടെ ‘നവയുഗം’ പത്രാധിപരായി ചുമതലേയറ്റു. ‘ലോക മാർക്സിസ്റ്റ് റിവ്യൂ’ മലയാളം പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ സ്ഥിരം ക്ഷണിതാവായിരുന്നു കെ.യു.വാര്യർ.

പാലക്കാട് തൃക്കടേരി കണ്ണനൂർ പുത്തൻ മഠത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.

കെ.യു.വാര്യരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പടെ വിവിധ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. ഭാര്യ: തൃക്കടീരി കണ്ണനൂർ പുത്തൻമഠത്തിൽ അമ്മുവാര്യസാർ. മക്കൾ: സന്തോഷ് (കൂടംകുളം), സതീഷ് (ഗോവ).

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ