scorecardresearch

റെഡ് സല്യൂട്ട്; കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

റെഡ് സല്യൂട്ട്; കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗ വുമായി കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഇന്ന്(ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിയേടെ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും.

മൃതദേഹം ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ ഹാളിലും തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 11 മുതല്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നിനു പയ്യാമ്പലത്താണ് സംസ്കാരം. തിങ്കളാഴ്ച മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും.

അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സംഘടനാപരമായും ഭരണപരമായുമുള്ള കഴിവുകള്‍ തെളിയിച്ച കോടിയേരി പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. തലശേരി ഒണിയന്‍ സ്‌കൂകളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ എസ് എഫ് ഐയുടെ പ്രാഥമികരൂപമായ കെ എസ് എഫ് പ്രവര്‍ത്തനത്തിലൂടെ രംഗത്ത് വന്ന കോടിയേരി സി പി എം പൊളിറ്റ് ബ്യറോ അംഗമാവുകയും മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അഞ്ച് തവണ തലശേരിയില്‍നിന്നു എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുകയും ഒരു തവണ കേരളത്തിലെ ആഭ്യന്തര മന്ത്രിയായും പിന്നീട് പ്രതിപക്ഷ ഉപനേതാവയും പ്രവര്‍ത്തിച്ചു. 1982, 1987, 2001, 2006 , 20011 വര്‍ഷങ്ങളിലാണ് അദ്ദേഹം എം എല്‍ എ ആയത്. ഇതില്‍ 2006 ല്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, ടൂറിസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് 2011ല്‍ വി എസ് പ്രതിപക്ഷ നേതാവായപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16ന് ബാലകൃഷ്ണന്റെ ജനനം. തലശേരി മുൻ എം എല്‍ എയും സി പി എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.

ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ കെ എസ്എഫിന്റെ യൂണിറ്റ് ആരംഭിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. മാഹിയില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ 1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി അദ്ദേഹം. പിന്നീട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായും തലശേരി താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷം കോടിയേരി 1970ല്‍ എസ്എഫ്‌ഐ രൂപീകരണ സമ്മേളന പ്രതിനിധിയായിരുന്നു. ഇരുപതാം വയസില്‍ 1973ല്‍ എസ്ഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥകാലത്ത് മിസ നിയമ പ്രകാരം16 മാസത്തെ ജയില്‍ വാസം അനുഭവിച്ച കോടിയേരി. എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

പിണറായി വിജയന്‍ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 1990 മുതല്‍ 95 വരെ കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 2002 ല്‍ കേന്ദ്ര കമ്മിറ്റിയംഗവും 2008 ല്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

2018 തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 എറണാകുളം സമ്മേളനത്തിലും കോടിയേരിയെ തുടര്‍ച്ചായായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാല്‍ പിന്നീട് രോഗാവസ്ഥ ഗുരുതരമായതോടെ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് എം വി ഗോവിന്ദന്‍ മാസ്റ്ററെ സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Veteran cpm leader kodiyeri balakrishnan no more