കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (പി കെ കുഞ്ഞനന്തന്‍ നായര്‍) അന്തരിച്ചു. 96 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാറാണത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം വൈകിട്ട് ആറോടെയാണ് അന്തരിച്ചത്.
ബാലഭാരത സംഘത്തിന്റ സ്ഥാപക സെക്രട്ടറിയായ കുഞ്ഞനന്തന്‍ നായരുടെ രാഷ്ട്രീയ ഗുരു പി കൃഷ്ണപിള്ളയാണ്. ഇ എം എസ് കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എ കെ ജിയ്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലഭാരത സംഘത്തില്‍ ഇ കെ നായനാര്‍ക്കൊപ്പമാണ് അദ്ദേഹം നേതൃത്വത്തിലുണ്ടായിരുന്നത്.
1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കുഞ്ഞനന്തന്‍ നായര്‍, 1943 ല്‍ മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 17 വയസായിരുന്നു ആ സമയത്ത് പ്രായം. തുടര്‍ന്ന്, 1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പ്രവര്‍ത്തനം നടത്തി. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് 1940 ല്‍ ജയിലില്‍ കഴിഞ്ഞു.
1948 ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തിച്ച കുഞ്ഞനന്തന്‍ നായര്‍, 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
സി പി ഐ പിളര്‍ന്നതോടെ അദ്ദേഹം സി പി എമ്മിനൊപ്പംനിന്ന അദ്ദേഹം 1958 ല്‍ റഷ്യയിലെ പാര്‍ട്ടി സ്‌കൂളില്‍നിന്ന് മാര്‍ക്സിസം ലെനിനിസം, രാഷ്ട്രീയ മീമാംസ എന്നിവയില്‍ ബിരുദം നേടി. പിറ്റേ വര്‍ഷം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസിലും പങ്കെടുത്തു.
സി പി എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി എസ് പക്ഷത്ത് നിലകൊണ്ട് പരസ്യനിലപാടെടുത്ത കുഞ്ഞനന്തന്‍ നായര്‍ പിണറായി പക്ഷത്തിന് അനഭിമതനായി. 2005ല്‍ 79-ാം വയസില്‍ അദ്ദേഹത്തെ സി പി എം പുറത്താക്കി. എന്നാല്‍ 2015ല്‍ തിരിച്ചെടുത്തു. അടുത്ത കാലത്ത് പിണറായി വിജയനെ പുകഴ്ത്തിയ കുഞ്ഞനനന്തന്‍ നായര്‍ അദ്ദേഹത്തെ കാണാന്‍ അവസരം വേണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
1965 മുതല്‍ 82 വരെ ‘ബ്ലിറ്റ്സ്’ ലേഖകനായി പ്രവര്‍ത്തിച്ച അദ്ദേഹം ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം എന്നീ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ബര്‍ലിന്‍ മതില്‍ പൊളിച്ചതോടെയാണു നാട്ടിലേക്കു മടങ്ങിയത്.
സി ഐ എയുടെ രഹസ്യ പദ്ധതികളെക്കുറിച്ചുള്ള ‘ഡെവിള്‍ ഇന്‍ ഹിസ് ഡാര്‍ട്ട്’ എന്ന അന്വേഷണാത്മക പുസ്തകം, ആത്മകഥയായ ‘പൊളിച്ചെഴുത്ത്’ എന്നിവ പ്രസിദ്ധീകരിച്ചു.
ചെറുകുന്ന് കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 നായിരുന്നു ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍: ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി. നാറാത്ത് ഈസ്റ്റ് എല്‍ പി സ്‌കൂള്‍, കണ്ണാടിപ്പറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂള്‍, കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മുഖ്യമന്ത്രി അനുശോചിച്ചു
ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും സാര്‍വദേശീയതലത്തില്‍ പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കിഴക്കന്‍ ജര്‍മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.