തിരുവനന്തപുരം: മുൻകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പൂന്തുറ സർക്കാർ ആശുപത്രിയിൽ നിന്നു നില വഷളായതിനെത്തുടർന്ന് ജമീല മാലിക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അർധരാത്രിയോടെയാണ് മരണം സ്ഥിതീകരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  ഏറെ നാളായി അസുഖബാധിതയായിരുന്നു. ഏക മകൻ അൻസർ മാലിക്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല. ആലപ്പുഴ മുതുകുളം സ്വദേശിയായ ജമീല ആദ്യത്തെ കഥ (1972) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

തമിഴിലും അഭിനയിച്ച ജമീല മാലിക്ക് വിൻസെന്‍റ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ‘ലക്ഷ്മി’, ‘അതിശയരാഗം’ എന്നീ തമിഴ് സിനിമകളിൽ നായികയായിരുന്നു.

‘ഏണിപ്പടികൾ’ (1973), ‘രാജഹംസം’ (1974), ‘പാണ്ഡവപുരം’ (1986), ‘ഒരു മേയ്മാസപുലരി’ (1989) എന്നിങ്ങനെ മുപ്പതോളം മലയാളം സിനിമകളിലും ആറോളം തമിഴ് സിനിമകളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജമീല ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ‌ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് താരം ജയാ ബച്ചൻ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള റോളുകളിൽ ജമീലാ മാലിക്ക് അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുള്ള ജമീല ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ‘ദാസ്താനി റൂഫ്’, ‘കരിനിഴൽ’, ‘തൗബ’ തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൊല്ലത്തെ മിത്രം പത്രാധിപർ മുഹമ്മദ് മാലിക്ക് തങ്കമ്മ ദമ്പതികളുടെ മകളാണ് ജമീല മാലിക്ക്.

Read more: ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ എന്‍ട്രി നല്‍കണം; പരിഹസിച്ച് ശബരിനാഥന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.