തൊടുപുഴ: കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമാകാത്തതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കൈയേറ്റക്കാരാണെന്നു ദേവികുളം സബ് കളക്ടറുടെ സത്യവാങ്ങ്മൂലം.മൂന്നാറുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് വട്ടവടയ്ക്കു സമീപം കൊട്ടക്കാമ്പൂരില്‍ പ്രഖ്യാപിച്ച കുറിഞ്ഞിമല ദേശീയോദ്യാനത്തിന് തടസം നില്‍ക്കുന്നതു കൈയേറ്റക്കാരാണെന്നു വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 23-ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് കൈയേറ്റക്കാര്‍ കുറിഞ്ഞി സങ്കേതത്തിത്തിനു വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു വ്യക്തമാക്കിയിരിക്കുന്നത്.

കേസ് പരിഗണിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ മൂന്നാറിലെയും നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിലെയും കൈയേറ്റങ്ങള്‍ തടയാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22- ന് ഗ്രീന്‍ ട്രൈബ്യൂണല്‍ മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിക്കും.

2006-ല്‍ അന്നത്തെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് മൂന്നാറിലെ വട്ടവടയില്‍ കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. 3200 ഹെക്ടര്‍ വിസ്തൃതിയില്‍ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58 ആം ബ്ലോക്കിലും ദേവികുളം വില്ലേജിലെ 62 ആം ബ്ലോക്കിലുമായാണ് നീലക്കുറിഞ്ഞി സങ്കേതം വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചു 11 വര്‍ഷം പിന്നിടുമ്പോഴും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിലെ സ്ഥലളുടെ കൈമാറ്റത്തില്‍ വന്‍ തോതിലുള്ള ക്രമക്കേടുകളുണ്ടെന്നും പലരും വ്യാജ പട്ടയങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും എടുത്തു പറയുന്നുണ്ട്. ഹൈക്കോടതി ഈ മേഖലകളിലെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഈ വിഷയത്തിലെ പോലീസ് അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറിഞ്ഞി സങ്കേതത്തിനു തടസം നില്‍ക്കുന്നതു കൈയേറ്റക്കാരാണെന്നു തന്നെയാണ് ദേവികുളം ആര്‍ഡിഒ ഓഫീസ് നല്‍കിയ സത്യവാങ്ങ്മൂലവും തുറന്നു പറയുന്നത്.

വിവാദമായ കൊട്ടക്കമ്പൂര്‍ ഭൂമിയും സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.ഇടുക്കി എംപി  ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും വ്യാജ മുക്ത്യാറുണ്ടാക്കി കൊട്ടക്കമ്പൂരിലെ 58-ാം ബ്ലോക്കില്‍ 32 ഏക്കര്‍ ഭൂമി തട്ടിയെടുത്തുവെന്നാണ് പരാതി. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

kurinji sanctuary, joys george, niveditha p haran,

2014-ല്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിവേദിത പി ഹരന്‍ നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജുകളെപ്പറ്റി ഒരു പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ‘ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമായും ഈ മേഖലകളിലെ ഭൂമിയുടെ നിജസ്ഥിതിയും പട്ടയങ്ങളുടെ സാധുതയും പരിശോധിക്കണം. പ്രദേശത്തിനു പുറത്തുനിന്നുള്ളവര്‍ ഈ മേഖലയില്‍ വ്യാപകമായി നടത്തിയിട്ടുള്ള യൂക്കാലി കൃഷി പരിസ്ഥിതിക്കു കനത്ത നാശമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ യൂക്കാലികള്‍ മാറ്റാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജില്ലയ്ക്കു പുറത്തു നിന്നെത്തി വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുള്ളവര്‍ എപ്പോഴും പരിശോധനയ്ക്കു തടസം നില്‍ക്കുകയാണ്. ‘ നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ ദേവികുളം ആര്‍ഡിഒ തയാറാക്കി ജില്ലാ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലും കുറിഞ്ഞി സങ്കേതത്തിനു തടസം നില്‍ക്കുന്നതാരാണെന്നു തുറന്നു പറയുന്നുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി നിരവധി തവണ വട്ടവടയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും പ്രദേശത്തെ ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. പരിശോധന പ്രഖ്യാപിച്ച ദിവസം ബ്ലാക്ക് ഡേ പ്രഖ്യാപിച്ചാണ് കയ്യേറ്റക്കാര്‍ റവന്യൂ ഉദ്യോഗസ്ഥരെ നേരിട്ടത്. തുടര്‍ന്നു നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടുന്ന മേഖലയിലെ സ്ഥല പരിശോധനയ്ക്കായി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും പരിശോധനയുടെ ഭാഗമായി 80 ശമാനത്തോളം(452 എണ്ണം)റവന്യൂ രേഖകള്‍ അദ്ദേഹം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയ്ക്കിടെ സ്‌പെഷ്യല്‍ ഓഫീസര്‍ക്കു മര്‍ദ്ദനമേൽക്കുകയും  ഇതോടെ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കുന്ന നടപടി നിലച്ചു പോവുകയുമായിരുന്നു, ആര്‍ഡിഒയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സജിത് ബാബുവും ഈ വിഷയത്തില്‍ പഠനം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. കൊട്ടക്കമ്പൂരിലെയും വട്ടവടയിലെയും ഭൂരിഭാഗം ഭൂമിയും കൈവശംവച്ചിരിക്കുന്നത് മധ്യതിരുവിതാകൂറില്‍ നിന്നുള്ളവരാണ്. ഇത്തരത്തില്‍ ഭൂമി വാങ്ങിയവര്‍ മേഖലയില്‍ വ്യാപകമായി യൂക്കാലി കൃഷി നടത്തിയിട്ടുമുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം ഭൂമികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികളെ മുന്‍നിര്‍ത്തി ഈ ശ്രമം പരാജയപ്പെടുത്തുകയാണ് കൈയേറ്റക്കാര്‍ ചെയ്യുന്നത്, സജിത് ബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യാഴവട്ടത്തിനു ശേഷം 2018-ലാണ് മൂന്നാര്‍ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തത്തിനു സാക്ഷിയാവുക. എന്നാല്‍ നീലക്കുറിഞ്ഞി വീണ്ടും പൂവിടാറാകുമ്പോഴും ഒരു പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച നീലക്കുറിഞ്ഞി സങ്കേതം ഇപ്പോഴും ഫയലില്‍ മാത്രം ഉറങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ