തൊടുപുഴ: കേരള ഭൂരിപക്ഷം പ്രദേശങ്ങളും ചൂടില്‍ വെന്തുരുകുമ്പോള്‍ മൂന്നാറിന് ഇപ്പോഴും കുളിരുന്നു. ഡിസംബര്‍ ആദ്യവാരം തുടങ്ങിയ അതി ശൈത്യം മാര്‍ച്ച് ആദ്യവാരത്തിലും തുടരുകയാണ്. ഞായറാഴ്ച മൂന്നാറിനു സമീപമുള്ള വിവിധ പ്രദേശങ്ങളായ ചെണ്ടുവര, ചിറ്റുവര, തെന്മല എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മൂന്നാര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ തണുപ്പ് ഒരു ഡിഗ്രി സെല്‍ഷ്യസാണ്.

വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. സാധാരണയായി മൂന്നാറില്‍ നവംബര്‍ ആദ്യവാരം ആരംഭിക്കുന്ന തണുപ്പുകാലം ജനുവരി പകുതിയാകുന്നതോടെ അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം പതിവിന് വിപരീതമായി ഫെബ്രുവരിയിലും തുടര്‍ന്ന തണുപ്പുകാലം മാര്‍ച്ച് ആദ്യവാരത്തിലും തുടരുകയാണ്. ഫെബ്രുവരി ആദ്യവാരം മൂന്നാറിന്റെ സമീപപ്രദേശങ്ങളായ സെവന്‍മല, ചെണ്ടുവര, വാഗുവര, ലകഷ്മി, എന്നിവിടങ്ങില്‍ താപനില മൈനസ് ഒന്നു രേഖപ്പെടുത്തി.

പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ താപനില 41 ഡിഗ്രി കടക്കുമ്പോഴാണ് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിയിലെത്തി നില്‍ക്കുന്നുവെന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ മൂന്നാറിലെ കുളിര് ആസ്വദിക്കാന്‍ ഇപ്പോഴും ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ തീ കൂട്ടി കായുന്നതും പതിവായിരിക്കുകയാണ്. അതിരാവിലെ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പിന്നീടുളള പകൽ സമയം മൂന്നാറിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അതിരാവിലെ അതി ശൈത്യവും പകല്‍ കടുത്ത ചൂടുമുള്ള കാലാവസ്ഥ തുടരുന്നത് വരുംനാളുകളില്‍ വരള്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു.

മഞ്ഞുവീഴ്ചയുണ്ടാകുന്നത് മൂന്നാറിലെ തോട്ടം മേഖലയെ സംബന്ധിച്ചിടത്തോളം നഷ്ടമാണുണ്ടാക്കുന്നത്. മഞ്ഞു വീഴ്ചയുടെ ഫലമായി തേയില ഇലകളില്‍ പറ്റിപ്പിടിക്കുന്ന മഞ്ഞ് വെയിലടിക്കുമ്പോള്‍ തേയില ഇലകള്‍ കരിഞ്ഞു പോകാനിടയാക്കും. ഇത്തരത്തില്‍ മൂന്നാറിലെ കെഡിഎച്ച്പി (കണ്ണന്‍ ദേവന്‍ഹില്‍സ് പ്ലാന്റേഷന്‍) കമ്പനിയുടെ 750 ഹെക്ടര്‍ സ്ഥലത്തെ തേയില ഇലകൾ കരിഞ്ഞതായാണ് അനൗദ്യോഗിക കണക്കുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ