മുംബൈ: പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി പറയുക. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയിയെ മുംബൈ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിലാണ് ബിനോയ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ ജൂൺ 27ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിധിവരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ജഡ്ജി അവധിയിലായിരുന്നതിനാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ യുവതി കൂടുതൽ തെളിവുകൾ സമർപ്പിക്കുമെന്നാണ് സൂചന. യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. 2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ഇരുവക്കും എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.