scorecardresearch

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും; സാമ്പിളുകൾ ശേഖരിച്ച് പൊലീസ്

അഭിമുഖ സമയത്ത് ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണ് പരിശോധന

Sreenath Bhasi, Sreenath Bhasi police case

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി നടന്റെ ശരീര സാംപിളുകൾ പൊലീസ് ശേഖരിച്ചു. നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത് ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോയെന്നു കണ്ടെത്താനാണ് പരിശോധന.

കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. ‘ചട്ടമ്പി’യുടെ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരക പരാതി നൽകിയത്.

ഐപിസി 509, 354(എ), 294 ബി എന്നി വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി നേരത്തെ പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് അഭിമുഖം നടന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

“എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല”, എന്നാണ് ഈ വിഷയത്തില്‍ ശ്രീനാഥ് പ്രതികരിച്ചത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Verbal abuse case actor srinath bhasi will undergo drug test