തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്.

അതേസമയം, ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഈ മണ്ഡല കാലം തുടങ്ങിയതിന് ശേഷം ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകള്‍ നടത്തുന്ന നാലാമത്തെ ഹർത്താലാണിത്. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു നേരത്തെ നടത്തിയ സംസ്ഥാന വ്യാപക ഹർത്താല്‍. ഇത് കൂടാതെ അയ്യപ്പ ഭക്തന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനംതിട്ടയില്‍ മാത്രമായും, കഴിഞ്ഞ ദിവസം ബിജെപി-യുവമോർച്ച മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തി ചാർജിനെതിരെ തിരുവനന്തപുരം ജില്ലയില്‍ മാത്രമായും ഹർത്താലുകള്‍ നടത്തിയിരുന്നു.

ഇന്നു പുലർച്ചെയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാൽ നായർ ആത്മഹത്യക്ക് ശ്രമിച്ചത്. പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം ഇയാൾ സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. ബിജെപി പ്രവർത്തകരും പൊലീസും ചേർന്ന് ഇയാളെ തടയാനും തീ അണയ്ക്കാനും ശ്രമം നടത്തി. ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബിജെപി-യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ​ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.