കൊച്ചി: മാതൃഭൂമി ന്യൂസിലെ വാർത്ത അവതാരകൻ വേണു ബാലകൃഷ്ണനെതിരായ കേസിൽ അന്വേഷണ സംഘം തിടുക്കപ്പെട്ട് നടപടിയെടുക്കില്ല. വേണുവിനെതിരായ കേസിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന കൊല്ലം ജില്ലാ പൊലീസ് മേധാവി ഡോ.അരുൾ ആർ.ബി.കൃഷ്ണയാണ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് ഇക്കാര്യം പറഞ്ഞത്.

“കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്. പരാതിയനുസരിച്ച് വേണു ബാലകൃഷ്ണൻ മതസ്‌പർദ്ധയുണ്ടാക്കുന്ന വിധം മാധ്യമത്തിലൂടെ സംസാരിച്ചുവെന്നാണ്. എന്നാൽ വേണു ബാലകൃഷ്ണൻ സ്വന്തം വാചകങ്ങൾ ഉപയോഗിച്ചതാണോ, അല്ല മറ്റാരെങ്കിലും എഴുതി നൽകിയ ഭാഗം വായിച്ചതാണോയെന്ന് വ്യക്തമാകേണ്ടതുണ്ട്. അതിന് വിശദമായ അന്വേഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

കേസിന്റെ ആവശ്യത്തിനായി പ്രസ്താവന നടത്തിയ ദിവസത്തെ വാർത്തയുടെ എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ ദൃശ്യം ശേഖരിക്കും. ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷം വേണു ബാലകൃഷ്ണൻ സ്വന്തം താത്പര്യ പ്രകാരം നടത്തിയ പ്രസ്താവനയാണോയെന്ന് പരിശോധിക്കാനാണ് പൊലീസിന്റെ ശ്രമം.

ആലുവ എടത്തലയിൽ ഉസ്‌മാൻ എന്ന യുവാവിനെ മഫ്‌തിയിലായിരുന്ന പൊലീസ് സംഘം നടുറോഡിൽ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വേണുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ തീവ്രവാദികളുടെ ഇടപെടൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ഈ വിഷയം 2018 ജൂൺ ഏഴിന് ചർച്ച ചെയ്ത വേണു, വാർത്തയ്ക്ക് ആമുഖമായി പറഞ്ഞ വാക്കുകൾ മതവിദ്വേഷം പടർത്തുന്നതാണെന്നാണ് ഡിവൈഎഫ്ഐയുടെ കൊല്ലം ജില്ലയിലെ പ്രാദേശിക നേതാവ് പരാതിപ്പെട്ടത്.

എന്നാൽ വേണു ബാലകൃഷ്ണനെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.