തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. രാവിലെ 10.45ന് ശംഖുംമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം രാജ്ഭവനിലേക്ക് പോകും. ഇവിടെ അദ്ദേഹം സന്ദര്‍ശകരെ കാണും.
വൈകീട്ട് 3.30ന് കനകക്കുന്നില്‍ ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണം നടത്തും. അഞ്ചിന് വിമാനത്താവളത്തിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി 5.30ന് വിമാനത്തില്‍ കോഴിക്കോടിന് തിരിക്കും. വൈകീട്ട് 6.30ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തും. 17ന് രാവിലെ 10ന് കോഴിക്കോട് ഹാജി എ.പി.ബാവ കണ്വെന്ഷന് സെന്ററില്‍ ഫാറൂഖ് കോളേജിന്റെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
തുടര്‍ന്ന്, 11.30ന് നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടക്കുന്ന വൈറ്റര്‍ ഇന്ത്യ ദേശീയ സെമിനാറില്‍ പങ്കെടുക്കും. ഉച്ചക്ക് ഒന്നിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.