scorecardresearch
Latest News

ഡിവെെഎഫ്ഐ നേതാക്കളെ വെട്ടിയത് നാല് പേർ ചേർന്ന്; പ്രതികൾ കോൺഗ്രസ് പ്രവർത്തകർ, അറസ്റ്റ് രേഖപ്പെടുത്തി

തിരുവോണ തലേന്ന് രാത്രി 11.30 നാണ് വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം

Political Murder, DYFI

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. നാലുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  നാല് പേർ ചേർന്നാണ് ഡിവെെഎഫ്ഐ നേതാക്കളെ വെട്ടിയതെന്ന് പൊലീസ് പറയുന്നു.

പ്രതികൾ കോൺഗ്രസുകാരാണെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുമ്പോഴും കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആറില്‍ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങിനെ പറയേണ്ടതില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ ഒളിവിലാണ്.

ഇന്നലെ വൈകീട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.

Read Also: ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് ചെന്നിത്തല; പ്രതികൾ കോൺഗ്രസുകാരെങ്കിൽ ന്യായീകരിക്കില്ലെന്ന് ഷാഫി

അതേസമയം, പിടിയിലായവർക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ല കോൺഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്‌ക്കാൻ വാർത്ത വഴിതിരിച്ചുവിടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവോണ തലേന്ന് രാത്രി 11.30 നാണ് വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടക്കൊലപാതകത്തെ അപലപിച്ചു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Read Also: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കോൺഗ്രസിനെതിരെ സിപിഎമ്മും രംഗത്തെത്തി. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നതെന്ന് കോടിയേരി ആരോപിച്ചു.

കോൺ‌ഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്നും കോടിയേരി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Venjaramoodu political killing cpm congress dyfi