തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. പിടിയിലായ പ്രതികൾ കോൺഗ്രസ് നേതാക്കളും സജീവ പ്രവർത്തകരുമാണെന്നാണ് റിപ്പോർട്ട്. എന്നാൽ, പിടിയിലായവർക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകളെ പോറ്റുന്ന പാർട്ടിയല്ല കോൺഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്‌ക്കാൻ വാർത്ത വഴിതിരിച്ചുവിടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, പിടിയിലായ പ്രതികൾ കോൺഗ്രസുകാരെങ്കിൽ ഒരിക്കലും അവരെ രക്ഷിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്തുന്ന സിപിഎം ശൈലി സ്വീകരിക്കില്ല. അന്വേഷണം അട്ടിമറിക്കില്ല. പ്രതികൾക്ക് നിയമസഹായവും നൽകില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പാർട്ടി അറിഞ്ഞുള്ള കുറ്റമല്ലെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

Read Also: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടക്കൊലയെ അപലപിച്ചു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ സിപിഎമ്മും രംഗത്തെത്തി. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

Read Also: വെഞ്ഞാറമൂട് രാഷ്‌ട്രീയ കൊലപാതകം: ഡിവെെഎഫ്‌ഐക്കാർ സജിത്തിനെ വളഞ്ഞു, പിടിയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നതെന്ന് കോടിയേരി ആരോപിച്ചു.

കോൺ‌ഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.