/indian-express-malayalam/media/media_files/uploads/2020/09/adoor-kodiyeri.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി അടൂർ പ്രകാശ്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കേസിൽ പ്രതികളാകാൻ ഇടയുള്ള നേതാക്കളെ രക്ഷിക്കാനാണ് കോൺഗ്രസ് സിബിഐ അന്വേഷണ ആവശ്യം ഉയർത്തുന്നതെന്നും കൊലപാതകത്തിലെ ഗൂഢാലോചനക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയുമെന്നും സിപിഎം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ടെന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.
വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കിയെന്ന് അടൂര്‍ പ്രകാശ് എംപി അറിയിച്ചിരുന്നു . യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്‍കിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സിപിഎം നേതാക്കള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് സത്യസന്ധമായ അന്വേക്ഷണം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് സിബിഐ അന്വേക്ഷണം ആവശ്യപ്പെടുന്നതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ഇതിന് മറുപടിയുമായാണ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളേയും ഗൂഢാലോചനയേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിയുമെന്ന് കോടിയേരി പറഞ്ഞു
കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ അട്ടിമറിക്കാനാണ് മുല്ലപ്പള്ളിയടക്കമുള്ളവർ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് നേതാവിന്‍റെ വീട് മകനെക്കൊണ്ട് കല്ലെറിയിച്ച സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ ഒത്താശയുണ്ടെന്നും കോടിയേരി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.