തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകക്കേസിൽ ഡിസിസി നേതൃത്വത്തിന് പങ്കെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അറസ്റ്റിലായ പ്രവര്‍ത്തകരെ സമാധാനം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികളെ പുറത്താക്കിയിട്ടില്ലെന്ന് വാർത്താ സമ്മേളനത്തിൽ റഹീം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാള്‍. മദപുരത്തുള്ള ഒരു പാറയുടെ മുകളിൽ നിന്ന് ആറ്റിങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
Read More: കണ്ണൂരിനെയും മലബാറിനെയും കൊലക്കളമാക്കിയ പാർട്ടിയാണ് സിപിഎം: മുല്ലപ്പള്ളി
ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന് നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റഹീം ആരോപിച്ചു. സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസാറിനായുള്ള തിരച്ചിൽ തുടരുകയാണ്.
ഭാവിയില്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അന്വേഷത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത് പ്രതികള്‍ക്ക് വേണ്ടിയാണെന്നും റഹീം ആരോപിച്ചു.
കൊലയാളികളെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോൺഗ്രസ് ആക്ഷേപിക്കുകയാണെന്നും റഹീം വിമർശിച്ചു.
“കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണ്. കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികൾക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്,” റഹീം പറഞ്ഞു.
Read More: കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കുന്നു: രമേശ് ചെന്നിത്തല
തിരുവോണത്തിന്റെ തലേ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് തുടക്കം മുതലേ ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിനാണ് പൊലീസിന് മൊഴി നൽകിയത്. സഹിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.